തനിക്ക് സ്പീക്കർ പദവി വേണ്ട, മന്ത്രിസ്ഥാനം പരിഗണിക്കണം: നിലപാട് വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ

തനിക്ക് സ്പീക്കർ പദവി വേണ്ട, മന്ത്രിസ്ഥാനം പരിഗണിക്കണം: നിലപാട് വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമായിരിക്കെ, നിർണായക ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. തന്നെ സ്പീക്കർ പദവിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും പകരം മന്ത്രിസ്ഥാനം നൽകണമെന്നുമാണ് അദ്ദേഹം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ തിരുവഞ്ചൂരിനെ സ്പീക്കറാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ആലോചിക്കുന്നതിനിടെയാണ് തന്റെ താല്പര്യം വ്യക്തമാക്കി അദ്ദേഹം നിലപാട് കടുപ്പിച്ചത്.

മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത് മികച്ച പരിചയസമ്പത്തുള്ള തനിക്ക് ഭരണരംഗത്ത് തുടരാനാണ് താല്പര്യമെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. സ്പീക്കർ പദവി നൽകി തന്നെ സഭാനടപടികളിലേക്ക് മാത്രമായി ഒതുക്കരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവായ തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് പാർട്ടിക്കും മുന്നണിക്കും കൂടുതൽ കരുത്താകുമെന്നും അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ തിരുവഞ്ചൂരിന്റെ ഈ പുതിയ നിലപാട് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് മറ്റ് യോഗ്യരായ നേതാക്കളെ കണ്ടെത്തേണ്ടി വരുന്നതിനൊപ്പം മന്ത്രിസ്ഥാനത്തിനായുള്ള കോൺഗ്രസിലെ ആഭ്യന്തര മത്സരത്തിന്റെ ആക്കം കൂട്ടാനും ഇത് കാരണമാകും. തിരുവഞ്ചൂരിനെ അനുനയിപ്പിച്ച് മന്ത്രിസഭയിലോ അതോ സ്പീക്കർ പദവിയിലോ നിർത്തണോ എന്ന കാര്യത്തിൽ വരും മണിക്കൂറുകളിൽ ചേരുന്ന കെപിസിസി ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

Share Email
LATEST excelnclexrn
Top