ഹോർമുസ് കടലിടുക്കിൽ യുദ്ധകാഹളം; യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്ത് ഇറാൻ

ഹോർമുസ് കടലിടുക്കിൽ യുദ്ധകാഹളം; യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്ത് ഇറാൻ

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ നാവികസേന മുന്നറിയിപ്പ് വെടിയുതിർത്തു. മേഖലയിൽ നിലയുറപ്പിച്ചിരുന്ന യുഎസ് നേവി ഡിസ്ട്രോയറുകളുടെ നീക്കം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി ആണ് നാവികസേനയെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.

യുഎസ് ഡിസ്ട്രോയറുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞയുടൻ തന്നെ ഇറാൻ സേന പ്രാഥമിക മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇവ അവഗണിച്ചുകൊണ്ട് കപ്പലുകൾ മുന്നോട്ട് നീങ്ങിയതോടെയാണ് ഇറാൻ ശക്തമായ നിലപാട് സ്വീകരിച്ചത്. കടലിടുക്കിലേക്ക് പ്രവേശിക്കാനുള്ള ഏത് ശ്രമവും വെടിനിർത്തൽ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ രണ്ടാം മുന്നറിയിപ്പിൽ വ്യക്തമാക്കി.

തുടർന്ന് മിസൈലുകളും റോക്കറ്റുകളും പോർവിമാനങ്ങൾക്കൊപ്പം അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ മുന്നറിയിപ്പ് വെടിയുതിർത്തത്. തങ്ങളുടെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കുമെന്ന് ഇറാൻ നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. കടലിടുക്കിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന യുഎസ് നടപടി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്ട്രോയറുകൾ നിലവിൽ പേർഷ്യൻ ഗൾഫിൽ തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വാണിജ്യ കപ്പലുകളുടെ സുഗമമായ യാത്ര പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ അമേരിക്കൻ സേന സജീവമായി ഇടപെടുന്നുണ്ടെന്ന് എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിലൂടെ അവർ വ്യക്തമാക്കി. ഇറാന്റെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ യുഎസ് സൈനിക വക്താക്കൾ ഇതുവരെ തയ്യാറായിട്ടില്ല. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെ പുറത്തുവന്ന ഈ റിപ്പോർട്ട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.

Share Email
LATEST excelnclexrn
Top