അമേരിക്കൻ ഉപരോധം വകവെക്കാതെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പട്രോളിംഗ് ശക്തം; 24 മണിക്കൂറിനിടെ കടന്നുപോയത് 28 കപ്പലുകൾ

അമേരിക്കൻ ഉപരോധം വകവെക്കാതെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പട്രോളിംഗ് ശക്തം; 24 മണിക്കൂറിനിടെ കടന്നുപോയത് 28 കപ്പലുകൾ

ടെഹ്‌റാൻ: അമേരിക്കയുടെ കടുത്ത നാവിക ഉപരോധത്തിനും മിസൈലാക്രമണ ഭീഷണികൾക്കും ഇടയിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം അവകാശപ്പെട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എണ്ണക്കപ്പലുകളും കണ്ടെയ്നറുകളും ഉൾപ്പെടെ 28 വാണിജ്യ കപ്പലുകൾ ഐആർജിസി നാവികസേനയുടെ പൂർണ്ണമായ ഏകോപനത്തിലും സുരക്ഷയിലുമാണ് ഹോർമുസ് കടലിടുക്ക് കടന്നുപോയതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.

ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ പുറത്തുവിട്ട പ്രസ്താവനയിലാണ് സൈന്യം തങ്ങളുടെ അധികാരം വ്യക്തമാക്കിയത്. “ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ മേൽനോട്ടവും ബുദ്ധിപരമായ നിയന്ത്രണവും അതീവ ദൃഢതയോടും ആധികാരികതയോടും കൂടി രാജ്യം തുടർച്ചയായി നിർവ്വഹിച്ചുവരികയാണ്.” – ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി.

ഇറാനിലേക്ക് പോകുന്ന കപ്പലുകളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈലയച്ച് തകർക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ അനുമതിയോടെ മാത്രമേ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാനാകൂ എന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ ഏറ്റവും വലിയ പ്രതിരോധ ആയുധമാണെന്ന് വിശ്വസിക്കുന്ന ഇറാൻ, മേഖലയിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ അമേരിക്കയെ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ കടുത്ത വാശി മിഡിൽ ഈസ്റ്റിലെ നാവിക സുരക്ഷയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top