ഇതാണോ മാറ്റം?; വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ, ‘ഖജനാവ് കാലി’ പരാമർശത്തെ ചോദ്യം ചെയ്ത് സ്റ്റാലിനും

ഇതാണോ മാറ്റം?; വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ, ‘ഖജനാവ് കാലി’ പരാമർശത്തെ ചോദ്യം ചെയ്ത് സ്റ്റാലിനും

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ രംഗത്ത്. ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമതായി ആലപിച്ചത് തമിഴ് സംസ്കാരത്തോടുള്ള അവഹേളനമാണെന്ന് പി. വിൽസൺ എംപി ആരോപിച്ചു. ഇതാണോ വിജയ് വാഗ്ദാനം ചെയ്ത മാറ്റമെന്ന് അദ്ദേഹം പരിഹസിച്ചു. ഇതിനിടെ, വിജയ്‍യുടെ ആദ്യ പ്രസംഗത്തിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി. തമിഴ്‌നാട് ഖജനാവ് കാലിയാണെന്ന വിജയ്‍യുടെ പ്രസ്താവനയെ സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെ ചോദ്യം ചെയ്തു.

ഫെബ്രുവരിയിലെ ബജറ്റിൽ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയതാണെന്നും അത് അറിഞ്ഞുകൊണ്ടല്ലേ വിജയ് വാഗ്ദാനങ്ങൾ നൽകിയതെന്നും സ്റ്റാലിൻ ചോദിച്ചു. കോവിഡും പ്രളയവും കേന്ദ്ര അവഗണനയും അതിജീവിച്ചാണ് തന്റെ സർക്കാർ ക്ഷേമപദ്ധതികൾ നടപ്പാക്കിയതെന്നും കടമെടുപ്പ് പരിധിക്കുള്ളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചെയ്തവരെ വഞ്ചിക്കാതെ വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് വിജയ് കണ്ടുതന്നെ മനസ്സിലാക്കുമെന്ന് കരുതുന്നുവെന്നും വിജയ്‍യെ ടാഗ് ചെയ്തുകൊണ്ടുള്ള കുറിപ്പിൽ സ്റ്റാലിൻ പരിഹസിച്ചു. ആദ്യമായാണ് വിജയ്‌ക്കെതിരെ സ്റ്റാലിൻ നേരിട്ട് പ്രതികരിക്കുന്നത്.

നേരത്തെ, സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെതിരെ വിജയ് ആഞ്ഞടിച്ചിരുന്നു. ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ പോയതെന്നും അഴിമതിയില്ലാത്ത ഭരണമായിരിക്കും തന്റെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു. ജനങ്ങളുടെ ചില്ലിക്കാശ് പോലും താൻ തൊടില്ലെന്നും അഴിമതിയെക്കുറിച്ച് ചിന്തിക്കുന്നവർ അത് ഇവിടെ ഉപേക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിന് പിന്നാലെയാണ് തമിഴ്‌നാട്ടിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നത്.

Share Email
LATEST excelnclexrn
Top