തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്ക്ക് ആദ്യ രാഷ്ട്രീയ വിജയം. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാർത്ഥി ജെ സി ഡി പ്രഭാകർ സ്പീക്കറായും എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർത്ഥികളെ നിർത്താത്തതിനെ തുടർന്ന് പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യയാണ് പ്രഖ്യാപനം നടത്തിയത്. സഭാ അധ്യക്ഷന്മാരെ ടിവികെ നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചത്.
എംജിആർ, ജയലളിത, ഇപ്പോൾ വിജയ് എന്നീ മൂന്ന് ഭരണാധികാരികൾക്ക് കീഴിലും എംഎൽഎയായി സഭയിലെത്തിയ അപൂർവ്വ റെക്കോർഡിന് ഉടമയാണ് 73-കാരനായ ജെ സി ഡി പ്രഭാകർ. 1980-ൽ 28-ാം വയസ്സിൽ ആദ്യമായി സഭയിലെത്തിയ അദ്ദേഹം ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ പ്രവർത്തന പരിചയവുമായാണ് സ്പീക്കർ പദവിയിലെത്തുന്നത്. ഇത്തവണ ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്ന പ്രഭാകർ 2026 ജനുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ ചേർന്നത്. സഭാ നടപടികളിലുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഭരണപക്ഷത്തിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ വൈര്യം മറന്ന് എതിർപക്ഷ നേതാക്കളുടെ വീടുകൾ സന്ദർശിച്ച വിജയ്‌യുടെ നീക്കങ്ങൾ സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ സഹായിച്ചതായും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.















