വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾ ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില എട്ട് ശതമാനം കുറഞ്ഞ് ബാരലിന് 101 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യു.ടി.ഐ വില 9.2 ശതമാനം ഇടിഞ്ഞ് 92.8 ഡോളറിലേക്കും താഴ്ന്നു.
എണ്ണവില കുറയുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസം നൽകുന്നതിനിടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ വലിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ വിപണികളായ എസ് ആന്റ് പി 500, ഡൗ ജോൺസ്, നാസ്ഡാക് എന്നിവ കരുത്തുറ്റ തുടക്കമാണ് സൂചിപ്പിക്കുന്നത്. യൂറോപ്യൻ വിപണികളായ ലണ്ടനിലെ എഫ്.ടി.എസ്.ഇ 100, ജർമ്മനിയിലെ ഡാക്സ്, പാരീസിലെ സി.എ.സി 40 എന്നിവ രണ്ട് ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. ഏഷ്യൻ വിപണികളിലും വലിയ മുന്നേറ്റമാണ് ദൃശ്യമായത്. പ്രത്യേകിച്ച് ദക്ഷിണ കൊറിയൻ വിപണിയായ കോസ്പി 6.45 ശതമാനം ഉയർന്നു. സ്മാർട്ട്ഫോൺ ഭീമന്മാരായ സാംസങ്ങിന്റെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ ഡോളർ കടന്നതും ഈ കുതിപ്പിന് കരുത്തേകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി സൈനിക നീക്കം നടത്താനുള്ള നീക്കം ട്രംപ് താൽക്കാലികമായി നിർത്തിവെച്ചതാണ് വിപണിയിലെ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. സമാധാന ചർച്ചകൾക്ക് മുൻഗണന നൽകുന്ന ഈ നീക്കം എണ്ണ ഉൽപ്പാദന മേഖലയിലെ ആശങ്കകൾ കുറയ്ക്കാൻ സഹായിച്ചു. എങ്കിലും, ഒരു സ്ഥിരമായ സമാധാന കരാറിലേക്ക് എത്തുന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ എണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.















