സഭാധ്യക്ഷന്മാരെ വിമർശിച്ചു: ബിജെപി കോർ കമ്മിറ്റിയിൽ പി.സി ജോർജിനും ഷോണിനും കടുത്ത വിമർശനം

സഭാധ്യക്ഷന്മാരെ വിമർശിച്ചു: ബിജെപി കോർ കമ്മിറ്റിയിൽ പി.സി ജോർജിനും ഷോണിനും കടുത്ത വിമർശനം

തിരുവനന്തപുരം: ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് മുൻപ് സഭാ അധ്യക്ഷന്മാരെയും ക്രൈസ്തവ സഭയെയും പരസ്യമായി അധിക്ഷേപിച്ചു എന്നാണ് പ്രധാന ആക്ഷേപം.

കാഞ്ഞിരപ്പള്ളി ബിഷപ്പിനും ദീപിക പത്രത്തിനുമെതിരെ ഇരുവരും നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ ക്രൈസ്തവ ഔട്ട്‌റീച്ച് (Christian Outreach) പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സഭാ നേതൃത്വവുമായി മികച്ച ബന്ധം സ്ഥാപിക്കാൻ പാർട്ടി ശ്രമിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി.

ബിജെപി അതിന്റെ കടുത്ത ഹിന്ദുത്വ നിലപാടുകളിൽ മാറ്റം വരുത്തണമെന്ന ഷോൺ ജോർജിന്റെ പരാമർശവും യോഗത്തിൽ ചർച്ചയായി. ക്രൈസ്തവ വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കണമെങ്കിൽ നിലപാടുകളിൽ മയപ്പെടുത്തൽ ആവശ്യമാണെന്നായിരുന്നു ഷോണിന്റെ വാദം. എന്നാൽ, ക്രൈസ്തവ വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാനാണ് ‘സ്‌നേഹയാത്ര’ പോലുള്ള പരിപാടികൾ നടത്തുന്നതെന്നും, അത്തരം നീക്കങ്ങൾക്കിടെ സഭാ മേലധ്യക്ഷന്മാരെ വ്യക്തിപരമായി ആക്രമിക്കുന്നത് വിഡ്ഢിത്തമാണെന്നും മുതിർന്ന നേതാക്കൾ തിരിച്ചടിച്ചു. ഇത്തരത്തിലുള്ള സമീപനം തുടർന്നാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ കിട്ടുമെന്ന് നേതാക്കൾ ചോദിച്ചു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് കോൺഗ്രസിന് വേണ്ടി വോട്ട് പിടിച്ചെന്ന പി.സി. ജോർജിന്റെ ആരോപണം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ദീപിക പത്രത്തിനെതിരെ ഷോൺ ജോർജും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സഭയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന കർശന താക്കീതാണ് സംസ്ഥാന നേതൃത്വം ഇവർക്ക് നൽകിയിരിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കോർ കമ്മിറ്റിയിൽ ധാരണയായി.

Share Email
LATEST excelnclexrn
Top