തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെ – അണ്ണാ ഡിഎംകെ സഖ്യമുണ്ടാക്കാൻ താൻ ഇടനിലക്കാരനായി പ്രവർത്തിച്ചു എന്ന പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് സൂപ്പർതാരം രജനികാന്ത്. വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാൻ രജനികാന്ത് മുൻകൈ എടുക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നതോടെയാണ് ചെന്നൈ പോയസ് ഗാർഡനിലെ വസതിയിൽ അദ്ദേഹം അസാധാരണ വാർത്താസമ്മേളനം വിളിച്ചത്. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ലെന്നും വിജയ്‌യോട് തനിക്ക് യാതൊരുവിധ അസൂയയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണലിന് പിന്നാലെ എം.കെ. സ്റ്റാലിനെ കണ്ടതിൽ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണെന്ന് രജനികാന്ത് പറഞ്ഞു. കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിൻ പരാജയപ്പെട്ടപ്പോൾ സുഹൃത്ത് എന്ന നിലയിൽ ദുഃഖം തോന്നിയിരുന്നു, അതുകൊണ്ടാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ വിജയ്‌യുടെ വളർച്ച തടയാനുള്ള നീക്കമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അത്തരം തരംതാണ രാഷ്ട്രീയം കളിക്കുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തിൽ വെച്ച് വിജയ്‌യുടെ വിജയത്തെക്കുറിച്ച് ചോദിച്ചയാൾ മാധ്യമപ്രവർത്തകൻ അല്ലാതിരുന്നതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും രജനി വിശദീകരിച്ചു.
തന്റെ 52-ാം വയസ്സിൽ എംജിആറും എൻടിആറും നേടിയതിനേക്കാൾ വലിയ വിജയമാണ് വിജയ് സ്വന്തമാക്കിയതെന്ന് രജനികാന്ത് പ്രശംസിച്ചു. ബിജെപിയെയും തമിഴ്‌നാട്ടിലെ രണ്ട് വൻകിട പാർട്ടികളെയും തോൽപ്പിച്ചുള്ള വിജയ്‌യുടെ മുന്നേറ്റം തനിക്ക് ആശ്ചര്യം കലർന്ന സന്തോഷമാണ് നൽകിയത്. രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ താൻ 100 ശതമാനവും വിജയിക്കുമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. കീഴ്‌വഴക്കങ്ങളുടെ പേരിൽ പുതിയ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ പുതിയ സർക്കാരിന് ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഭരിക്കാൻ എല്ലാവരും അവസരം നൽകണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.















