തമിഴ്നാട്ടിൽ ഇനി ദളപതി യുഗം; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടിൽ ഇനി ദളപതി യുഗം;  വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട് രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഞായറാഴ്ച രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്‌ക്കൊപ്പം പത്ത് മന്ത്രിമാരും ഇന്ന് അധികാരമേറ്റെടുത്തു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ-പ്രാദേശിക നേതാക്കൾ ചടങ്ങിൽ സാക്ഷികളായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ ടി.വി.കെക്കായിരുന്നില്ല. ഇതേത്തുടർന്ന് കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിൽ വ്യക്തത തേടിക്കൊണ്ട് ഗവർണർ നാല് തവണ തിരിച്ചയച്ചത് വലിയ രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഒടുവിൽ 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഗവർണർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.

ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ‘സോഷ്യൽ ജസ്റ്റിസ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് വിജയ് അധികാരത്തിലേറുന്നത്. എം.ജി.ആറിന് ശേഷം തമിഴ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് ഇത്രയും വലിയ വിജയം നേടുന്ന താരമായി വിജയ് മാറി. അഴിമതി രഹിത ഭരണവും ജനക്ഷേമവുമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാരിന് മെയ് 13-നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. തമിഴകത്തെ ഒരു പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കമായാണ് ഈ അധികാരമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Share Email
Top