‘ടിനി ടോം തെറ്റ് ചെയ്തത് സെക്കുലർ സ്റ്റേറ്റിനോട്; ശിക്ഷ അനുഭവിച്ചേ മതിയാകൂ’: കൊച്ചിയിൽ മൊഴി നൽകാനെത്തി അൻസിബ

‘ടിനി ടോം തെറ്റ് ചെയ്തത് സെക്കുലർ സ്റ്റേറ്റിനോട്; ശിക്ഷ അനുഭവിച്ചേ മതിയാകൂ’: കൊച്ചിയിൽ മൊഴി നൽകാനെത്തി അൻസിബ

നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ നടി അൻസിബ ഹസൻ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി. ഈ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനങ്ങളാണ് അൻസിബ ഉന്നയിച്ചത്. ടിനി ടോം തന്നോട് മാത്രമല്ല, ഒരു സമൂഹത്തോടും കേരളം പോലെ മതനിരപേക്ഷതയുള്ള (സെക്കുലർ) ഒരു സംസ്ഥാനത്തോടുമാണ് തെറ്റ് ചെയ്തതെന്നും, ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂവെന്നും അൻസിബ വ്യക്തമാക്കി. തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

താരസംഘടനയായ ‘അമ്മ’യുടെ (AMMA) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. തന്നെ ‘ജിഹാദി’ എന്ന് വിളിച്ചതായും, മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചതായും, വ്യക്തിവിരോധം തീർക്കാനായി തന്റെ പേര് ദുരുപയോഗം ചെയ്ത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകാൻ ശ്രമിച്ചതായും അൻസിബ ആരോപിച്ചു. മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് ഇപ്പോൾ തന്റെ പരാതി കേൾക്കാൻ തയ്യാറാണെന്ന് ‘അമ്മ’ നേതൃത്വം പറയുന്നതെന്നും, എന്നാൽ വീണ്ടും ഇതേ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അൻസിബ പ്രതികരിച്ചു.

ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വനിതാ എസ്.ഐ രേഷ്മ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ളത്. സ്റ്റേഷനിൽ വെച്ച് നേരിട്ട മാനഹാനിക്കും അപമാനത്തിനും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുടുംബമേളയ്ക്കിടെ ടിനി ടോം തന്നോട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് നടി നീനാ കുറുപ്പും സംഘടനയ്ക്ക് പരാതി നൽകിയതോടെ ടിനി ടോമിനെതിരെയുള്ള വിവാദങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top