തിരുവനന്തപുരം: നിയമസഭയില്‍ നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. രാവിലെ ഒന്‍പതിനു ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഉച്ചയോടെയാണ് പൂര്‍ത്തിയായത്. സിപിഎമ്മില്‍ നിന്നും പുറത്തുപോയി യുഡിഎഫ് പിന്തുണയോടെ മത്സരിച്ചു വിജയിച്ച ജി. സുധാകരനു മുന്നിലായിരുന്നു സത്യപ്രതിജ്ഞ. കൗതുക നിമിഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമസഭാ മന്ദിരം സാക്ഷ്യം വഹിച്ചു. സിപിഎം പാളയം വിട്ട് യുഡിഎഫ് പിന്തുണയോടെ നിയമസഭയിലെത്തുകയും പ്രോ ടേം സ്പീക്കാറായി ചുമതലയേല്‍ക്കുകയും ചെയ്ത മുതിര്‍ന്ന നേതാവ് ജി. സുധാകരന് മുന്നില്‍ മുന്‍ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.തളിപ്പറമ്പില്‍ നിന്നും വിജയിച്ച ടി.കെ ഗോവിന്ദന്‍ പിണറായി വിജയനു ഹസ്ദദാം നല്കിയത് കൗതുകം പടര്‍ത്തി.
തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന ജി. സുധാകരനെ അനുനയിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, ആലപ്പുഴയിലെത്തിയിട്ടും സുധാകരനെ കാണാതെ പിണറായി മടങ്ങിയതിനു പിന്നാലെയാണ് സുധാകരന്‍ സിപിഎമ്മുമായി കൂടുതല്‍ അകന്നത്. ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 133-ാമനായി വേദിയിലെത്തിയ പിണറായി വിജയന്‍ സഗൗരവം സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രോടേം സ്പീക്കര്‍ ജി. സുധാകരന് നിറഞ്ഞ ചിരിയോടെ ഹസ്തദാനംനല്‍കി പരസ്പരം സൗഹൃദം പങ്കുവെച്ച ശേഷമാണ് പിണറായി വിജയന്‍ തന്റെ സീറ്റിലേക്ക് മടങ്ങിയത്.
മുഖ്യമന്ത്രി വി ഡി.സതീശന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത് ‘വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍’ എന്ന തന്റെ പൂര്‍ണ്ണ നാമം തന്നെയുപയോഗിച്ചാണ്. കഴിഞ്ഞ തവണ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ‘മേനോന്‍’ എന്ന ജാതിപ്പേര് ഒഴിവാക്കിയിരുന്ന സതീശന്‍, അധികാരത്തിലെത്തിയപ്പോള്‍ അത് മനഃപൂര്‍വ്വം കൂട്ടിച്ചേര്‍ത്തുവെന്ന രീതിയില്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നും സത്യപ്രതിജ്ഞയിലും പൂര്‍ണ നാമം ഉപയോഗിച്ചത്.
TK Govindan shakes hands with Pinarayi; Pinarayi takes oath in front of Sudhakaran















