വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര പ്രതിനിധികൾ വഴി രൂപീകരിച്ച സമാധാന കരാറിന്റെ കരട് രേഖയിൽ കടുത്ത ഭേദഗതികൾ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ അതീവ സുരക്ഷിതമായ ‘സിറ്റുവേഷൻ റൂമിൽ’ ചേർന്ന ഉന്നതതല യോഗത്തിലാണ് ട്രംപ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതെന്ന് പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. നിലവിലെ കരാർ പ്രകാരം ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന പൊതുവായ ഉറപ്പ് മാത്രമാണ് ഇറാൻ നൽകുന്നത്. എന്നാൽ ഇത് അപര്യാപ്തമാണെന്നും ഇറാന്റെ ആണവ പദ്ധതികളെ പൂർണ്ണമായും നിയന്ത്രിക്കുന്ന കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എങ്ങനെ, എപ്പോൾ അമേരിക്കയ്ക്ക് കൈമാറണം എന്നതിനെക്കുറിച്ച് വ്യക്തവും കൃത്യവുമായ സമയക്രമം കരാറിൽ ഉണ്ടാകണം. ഇതിൽ കൂടുതൽ സുതാര്യത ആവശ്യമാണ് എന്നാണ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ ആക്സിയോസിനോട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലെ വാചകങ്ങളിലും മാറ്റങ്ങൾ വരുത്താൻ ട്രംപ് തന്റെ നയതന്ത്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ നിർദ്ദേശങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ കരാറിന്റെ ഭാവി. ഈ ഭേദഗതികളോട് പ്രതികരിക്കാൻ ഇറാന് മൂന്ന് ദിവസത്തെ സമയം എടുക്കുമെന്നാണ് സൂചന. ആഴ്ചാവസാനത്തോടെ ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക കൂടുതൽ കടുത്ത നിബന്ധനകൾ വെച്ച സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റിലെ യുദ്ധഭീതി ഒഴിവാക്കാനുള്ള ഈ ചർച്ചകൾ ഇപ്പോൾ അതീവ നിർണായകമായ ഘട്ടത്തിലാണ്.















