അബുദാബി: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പുറത്തുപോകാനുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സി്‍റെ തീരുമാനം രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക കാഴ്ചപ്പാടുകളെയും ഊർജ്ജ ശേഷിയെയും അടിസ്ഥാനമാക്കിയുള്ള പരമാധികാര തന്ത്രപരമായ തിരഞ്ഞെടുപ്പാണെന്ന് യുഎഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി വ്യക്തമാക്കി.
എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രി രാജ്യത്തിന്റെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ദേശീയ എണ്ണ ഉൽപ്പാദന നയത്തെയും ഭാവിയിലെ ഉൽപ്പാദന ശേഷിയെയും കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ അന്തിമ തീരുമാനത്തിലേക്ക് രാജ്യം എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയുടെ ദേശീയ താൽപ്പര്യങ്ങൾ, വിശ്വസനീയമായ ഊർജ്ജ വിതരണക്കാരൻ എന്ന നിലയിലുള്ള രാജ്യത്തിന്റെ പങ്ക്, ആഗോള വിപണിയുടെ സുസ്ഥിരതയോടുള്ള പ്രതിബദ്ധത എന്നിവ മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലുള്ള പ്രേരകശക്തികളെന്ന് സുഹൈൽ അൽ മസ്റൂയി ഊന്നിപ്പറഞ്ഞു.
ഈ സുപ്രധാന നീക്കം യാതൊരുവിധ രാഷ്ട്രീയ പരിഗണനകളാൽ പ്രേരിതമല്ലെന്നും ഒപെക് കൂട്ടായ്മയിലെ മറ്റ് പങ്കാളിത്ത രാജ്യങ്ങളുമായി യുഎഇക്ക് എന്തെങ്കിലും തരത്തിലുള്ള ഭിന്നതയോ അകൽച്ചയോ ഉള്ളതായി ഇത് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പൂർണ്ണമായും പരമാധികാരമുള്ളതും തന്ത്രപരവുമാണെന്നും ബാഹ്യമായ ഊഹാപോഹങ്ങൾക്ക് വഴങ്ങിയല്ല, മറിച്ച് സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും മന്ത്രി തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. ആഗോള എണ്ണ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്നതാണ് യുഎഇയുടെ ഈ പുതിയ ചുവടുവെപ്പ് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.















