ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ലൈഫ് മിഷൻ ഭവന പദ്ധതി യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. പദ്ധതി പിരിച്ചുവിടാൻ യുഡിഎഫ് നീക്കം നടത്തുന്നുവെന്ന സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ അടിയന്തര വിശദീകരണം. അത്തരമൊരു ആലോചന പോലും നിലവിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭവന പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിലും മറ്റ് വിഷയങ്ങളിലും വിശദമായ പഠനം നടത്തിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പൂർണ്ണമായി തിരിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതി കൂടുതൽ സുതാര്യമായും കാര്യക്ഷമമായും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളാണ് സർക്കാർ തേടുന്നത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുമെന്നും കെ.എം. ഷാജി ഉറപ്പുനൽകി.
സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത തെരുവ് നായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ സർക്കാർ മുന്നോട്ട് പോകുക. എന്നാൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്ന പ്രയോഗത്തോടോ നിലപാടിനോടോ തനിക്ക് ഒട്ടും യോജിപ്പില്ലെന്നും, അത് സമൂഹത്തിൽ മറ്റ് പല പ്രത്യാഘാതങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പുമായി ആലോചിച്ച് വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും നായ ശല്യത്തിനെതിരെയുള്ള അന്തിമ നടപടികൾ പ്രഖ്യാപിക്കുക.















