വാഷിംഗ്ടൺ: ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം നടുക്കടലിൽ നിശ്ചലമായി. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ‘യുഎസ്എസ് ഹിഗ്ഗിൻസാണ്’ വൈദ്യുത സംവിധാനത്തിലുണ്ടായ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ കുടുങ്ങിയത്. കപ്പലിന്റെ എൻജിൻ പ്രവർത്തനവും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായും നിലച്ചതോടെ ഏകദേശം മുന്നൂറോളം വരുന്ന നാവികർ മണിക്കൂറുകളോളം സുരക്ഷാ ഭീഷണിയിലായെന്ന് പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി.
വൈദ്യുത സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് കപ്പലിൽ പുകയും തീപ്പൊരിയും ഉണ്ടായതായി യുഎസ് ഏഴാം കപ്പൽപ്പടയുടെ വക്താവ് കമാൻഡർ മാത്യു കോമർ പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ലെന്നും നിലവിൽ വൈദ്യുതി ബന്ധവും പ്രൊപ്പൽഷൻ സംവിധാനവും പുനഃസ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി.
എങ്കിലും, മണിക്കൂറുകളോളം കപ്പലിന്റെ ചലനശേഷിയും റഡാർ സംവിധാനങ്ങളും പ്രവർത്തനരഹിതമായത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് നാവികസേനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റഡാറുകളും പ്രതിരോധ സംവിധാനങ്ങളും നിലച്ചതോടെ കപ്പൽ പൂർണ്ണമായും ‘അന്ധമായ’ അവസ്ഥയിലായിരുന്നുവെന്നും ശത്രുക്കളുടെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ പോലും കഴിയാത്തവിധം നിസ്സഹായമായ സാഹചര്യത്തിലൂടെയാണ് കപ്പൽ കടന്നുപോയതെന്നും മുൻ യുഎസ് നേവി ക്യാപ്റ്റൻ കാൾ ഷസ്റ്റർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അമേരിക്കൻ നാവികസേന അറിയിച്ചു.















