തമിഴ്നാട്ടിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ രാജേന്ദ്ര അർലേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ 120 എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറിയതോടെയാണ് സർക്കാർ രൂപീകരണത്തിന് വിജയ്ക്ക് അനുമതി ലഭിച്ചത്. നാളെ രാവിലെ 11 മണിക്ക് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് തമിഴ്നാടിന്റെ അമരക്കാരനായി അധികാരമേൽക്കുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) ഔദ്യോഗികമായി അറിയിച്ചു.
ടിവികെയുടെ 108 എംഎൽഎമാർക്കൊപ്പം കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), മുസ്ലിം ലീഗ് (2), വിസികെ (1) എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് പക്ഷത്തിന്റെ അംഗബലം 120 ആയി ഉയർന്നു. ഇടതുപക്ഷ പാർട്ടികൾ ഉപാധികളില്ലാത്ത പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെയും ഗവർണറുടെയും നീക്കങ്ങളെ ചെറുക്കാനാണ് തങ്ങൾ വിജയിയെ പിന്തുണയ്ക്കുന്നതെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി. മന്ത്രിസഭയിൽ ചേരില്ലെന്നും പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്.
വിസികെ നേതാവ് തിരുമാവളവൻ വിജയ് മന്ത്രിസഭയിൽ അംഗമാകുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം, കോൺഗ്രസ് മന്ത്രിസഭയിൽ ചേരുന്നതിനെ ആശ്രയിച്ചായിരിക്കും മുസ്ലിം ലീഗിന്റെ തീരുമാനം. ഗവർണറെ കണ്ട് മടങ്ങിയ വിജയ്, പിന്തുണ പ്രഖ്യാപിച്ച ഇടതുപക്ഷ പാർട്ടികളുടെയും മറ്റ് ഘടകകക്ഷികളുടെയും ഓഫീസുകളിലെത്തി നേതാക്കളെ കണ്ട് നേരിട്ട് നന്ദി അറിയിച്ചു. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് യുഗത്തിന് ഔദ്യോഗികമായി തുടക്കമാവുകയാണ്.















