ഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ്ജ സംരക്ഷണത്തിനുമായി ഡൽഹിയിലെ സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ രണ്ട് ദിവസം ‘വർക്ക് ഫ്രം ഹോം’ (ജോലി വീട്ടിലിരുന്ന്) സംവിധാനം ഏർപ്പെടുത്താൻ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരമാണ് ഈ പുതിയ തീരുമാനം. ആഴ്ചയിൽ രണ്ട് ദിവസം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വഴി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും അതുവഴി വലിയ തോതിൽ ഇന്ധനം ലാഭിക്കാനും സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
സർക്കാർ ഓഫീസുകൾക്ക് പുറമെ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതൊരു നിർദ്ദേശമായിട്ടാണ് (Advisory) നൽകിയിട്ടുള്ളതെങ്കിലും, സ്വകാര്യ സ്ഥാപനങ്ങൾ ഇത് എത്രത്തോളം നടപ്പിലാക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് നിരീക്ഷിക്കും. കൂടാതെ, ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ വിഹിതത്തിൽ 20 ശതമാനം കുറവ് വരുത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.
പരിസ്ഥിതി സൗഹൃദമായ യാത്രാ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചകളിലും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മെട്രോ ട്രെയിനിൽ യാത്ര ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലൂടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും രാജ്യത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമുള്ള ‘എന്റെ ഇന്ത്യ, എന്റെ പങ്കാളിത്തം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഡൽഹി സർക്കാരിന്റെ ഈ സുപ്രധാന നീക്കം. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താനും അത്യാവശ്യ ഘട്ടങ്ങളിൽ കാർപൂളിംഗ് രീതി സ്വീകരിക്കാനും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.














