ന്യൂജേഴ്‌സി: ‘ഒരു മേഖല… ഒരു ഡബ്ല്യു.എം.സി…’ എന്ന മഹത്തായ സന്ദേശവുമായി അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക-സാമൂഹിക കൂട്ടായ്മകളിലൊന്നായ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അമേരിക്ക റീജിയന്റെ ദ്വിവത്സര സമ്മേളനം മെയ് 15 മുതല്‍ ന്യൂജേഴ്‌സിയില്‍ അരങ്ങേറുന്നു. സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ ആവേശകരമായി പുരോഗമിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 15, 16, 17 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള Delta Hotels by Marriott Somerset-ല്‍ നടക്കുന്ന ത്രിദിന സമ്മേളനം, അതിന്റെ പ്രമേയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധേയമാവുകയാണ്.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമാത്രമല്ല, കാനഡയുള്‍പ്പെടെയുള്ള ഉത്തര അമേരിക്കന്‍ മേഖലകളില്‍ നിന്നുമുള്ള നൂറുകണക്കിന് പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ മഹാസമ്മേളനം, സംഘടനാ ഐക്യത്തിന്റെയും മലയാളി സംസ്‌കാരത്തിന്റെ മഹത്വത്തിന്റെയും പ്രതീകമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സമ്മേളനത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍, ബിസിനസ്-നെറ്റ്‌വര്‍ക്കിംഗ് സെഷനുകള്‍, കുടുംബ സംഗമങ്ങള്‍, യുവജന-വനിതാ ഫോറങ്ങള്‍, പ്രചോദനാത്മക പ്രഭാഷണങ്ങള്‍, വിവിധ വിനോദപരിപാടികള്‍ എന്നിവയും അരങ്ങേറും. ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തിനും സഹകരണത്തിനും പുതിയ ദിശാബോധം നല്‍കുന്ന വേദിയായിരിക്കും ഈ സമ്മേളനം എന്നാണു സംഘാടകര്‍ വ്യക്തമാക്കുന്നത്.
സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായി പിന്റോ കണ്ണംപള്ളി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍, ജോണ്‍ സാംസണ്‍, ജിനു തര്യന്‍ എന്നിവര്‍ സഹ-കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു. ധനകാര്യ കമ്മിറ്റി ചെയര്‍മാനായി ലിബിന്‍ ബെന്നിയും സാങ്കേതിക സഹായത്തിനായി ജേക്കബ് എഫ്രേമും ചുമതലയേറ്റിട്ടുണ്ട്. രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായ അനീഷ് ജെയിംസിനൊപ്പം ഡോ. സൂസന്‍ ചാണ്ടി, ശ്രീമതി സ്മിത സോണി എന്നിവരുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ചെയര്‍മാന്‍ ചാക്കോ കോയിക്കലത്ത്, പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചേലൂര്‍, ജനറല്‍ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറര്‍ സാജി ബി. പുലിമൂട്ടില്‍ തുടങ്ങിയവരാണ് അമേരിക്ക റീജിയനെ നയിക്കുന്നത്. സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
World Malayalee Council America Region 3 day conference ay New Jersey from May 15 to 17















