പാരീസ്: ഫ്രാന്‍സിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്‌കൈ ഡൈവിംഗ് യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന വിമാനം തകര്‍ന്നു 11 പേര്‍ മരിച്ചു. ഞായറാഴ്ച മ്യൂര്‍ത്ത്-എ-മോസെല്‍ മേഖലയിലെ ടോംബ്ലൈന്‍ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായതെന്നു ഫ്രാന്‍സ് ഗതാഗത മന്ത്രി ഫിലിപ്പ് ടാബറോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 10 യാത്രക്കാരും അപകടത്തില്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് സ്‌കൈഡൈവിംഗ് പരിശീലന വിദ്യാര്‍ഥികളും അഞ്ച് പരിശീലകരുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു
ടോംബ്ലൈന് സമീപം സ്‌കൈഡൈവിംഗ് പരിശീലനത്തിനായി ആളുകളെ കൊണ്ടുപോയ വിമാനം തകര്‍ന്നുവീണത് അത്യന്തം ദാരുണമായ സംഭവമാണ്. ഈ അപകടത്തില്‍ 11 പേര്‍ ജീവന്‍ നഷ്ടപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,’ മന്ത്രി പറഞ്ഞു.
മ്യൂര്‍ത്ത്-എ-മോസെല്‍ മേഖലയിലെ പ്രിഫെക്റ്റായ ഇവ് സ്ഗി മാധ്യമങ്ങളോട് പ്രതികരിച്ചത് അനുസരിച്ച് നാന്‍സി നഗരത്തിന് സമീപമുള്ള നാന്‍സി-എസേ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സ്ഗി പറഞ്ഞു. ജനവാസ മേഖലയ്ക്ക് സമീപം, വിമാനത്താവളത്തിനടുത്തുള്ള വികസിത പ്രദേശത്തിന്റെ അതിര്‍ത്തിയിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ‘അപകടം അല്പം കൂടി മാറിയായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ ജനവാസ മേഖലയിലെ കൂടുതല്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 14 ന് സമാനമായ രീതിയില്‍ അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്തെ ബട്ലറില്‍ നടന്ന സ്‌കൈഡൈവിംഗ് വിമാനാപകടത്തിലും പൈലറ്റടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബട്ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പസഫിക് എയറോസ്‌പേസ് വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ബട്ലര്‍ കൗണ്ടി ഷെരീഫ് ചാഡ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചിരുന്നു.
11 dead in skydiving plane crash in France
















