ജൂനോ: പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ അലാസ്കയിലെ ഫ്യോർഡുകളിൽ വൻ മലയിടിച്ചിലിനെത്തുടർന്ന് ഭീമാകാരമായ സുനാമി തിരമാല രൂപപ്പെട്ടതായി ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതിദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞനായ ഡാൻ ഷുഗറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞരുടെ സംഘമാണ് ട്രേസി ആം ഫ്യോർഡിൽ ഉണ്ടായ ഈ ഭീമാകാരമായ പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ ഭീമൻ മഞ്ഞുമലകൾ അതിവേഗം ഉരുകി മാറിക്കൊണ്ടിരിക്കുകയാണ്.
ആയിരക്കണക്കിന് വർഷങ്ങളായി താഴ്‌വരയിലെ പാറക്കെട്ടുകളെ താങ്ങിനിർത്തിയിരുന്ന മഞ്ഞുപാളികൾ ഇല്ലാതായതോടെ, ഈ ചരിവുകൾ അതീവ അപകടാവസ്ഥയിലാവുകയും മലയിടിച്ചിലിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിന് പുലർച്ചെയാണ് പർവതനിരകളിൽ നിന്ന് 64 ദശലക്ഷം ക്യുബിക് മീറ്ററിലധികം പാറക്കൂട്ടങ്ങൾ സൗത്ത് സോയർ ഗ്ലേസിയറിന് സമീപമുള്ള ഫ്യോർഡിലെ ഇടുങ്ങിയ ജലാശയത്തിലേക്ക് പതിച്ചത്. ഈ വൻ തകർച്ച സെക്കൻഡിൽ എഴുപത് മീറ്ററിലധികം വേഗതയിൽ സഞ്ചരിച്ച 100 മീറ്റർ ഉയരമുള്ള ഒരു രാക്ഷസ സുനാമി തിരമാലയ്ക്ക് കാരണമായി. മലയിടിച്ചിലിന്റെ ആഘാതത്തിൽ മുന്നോട്ട് കുതിച്ച ജലപ്രവാഹം മറുതീരത്തെ കുത്തനെയുള്ള പർവത ചരിവുകളിലേക്ക് അടിച്ചുകയറുകയും, സമുദ്രനിരപ്പിൽ നിന്ന് 481 മീറ്റർ ഉയരത്തിൽ വരെ എത്തിച്ചേരുകയും ചെയ്തു.
ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സുനാമി തരംഗങ്ങളിലൊന്നാണിത്. ഈ പ്രകൃതിക്ഷോഭത്തിൽ പ്രദേശത്തെ പച്ചപ്പുനിറഞ്ഞ വനമേഖല പൂർണ്ണമായും തകരുകയും ഭൂപ്രകൃതിക്ക് വൻ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ഓരോ വേനൽക്കാലത്തും ക്രൂയിസ് കപ്പലുകളിലും ചെറിയ ബോട്ടുകളിലുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഹിമാനികളും മലനിരകളും കാണാൻ അലാസ്കയിലെ ഈ ഉൾക്കടലുകളിൽ എത്തുന്നത്. ശാന്തവും മനോഹരവുമായി കാണപ്പെടുന്ന ഈ പ്രദേശങ്ങൾ പ്രകൃതിദത്തമായ വലിയൊരു അപകടസാധ്യതയാണ് ഇപ്പോൾ ഒളിപ്പിച്ചിരിക്കുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നു.
അലാസ്കയിലെ സാഹസിക വിനോദസഞ്ചാര മേഖലയ്ക്ക് ഈ പ്രതിഭാസം വലിയൊരു ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ, അപകടസാധ്യതയുള്ള മലഞ്ചരിവുകൾ കൃത്യമായി മാപ്പ് ചെയ്യാനും വിനോദസഞ്ചാരികളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.















