തിരുവനന്തപുരം : കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സിഎജി (CAG) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് കടമെടുപ്പുകൾ വലിയ ബാധ്യതയായി മാറുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും വരുത്തിവെച്ച ഓഫ് ബജറ്റ് കടബാധ്യത മാത്രം 39,230 കോടി രൂപയാണ്. നിലവിൽ തീർപ്പാക്കാനുള്ള ബാധ്യതകൾ മാത്രം 3,511 കോടി രൂപ വരുമെന്നും സംസ്ഥാനത്തിന്റെ ധനമാനേജ്മെന്റിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും സിഎജി വ്യക്തമാക്കുന്നു.
സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അസന്തുലിതാവസ്ഥയും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. റവന്യൂ വരവിൽ വെറും 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കേന്ദ്ര വിഹിതത്തിലും സഹായങ്ങളിലും 42 ശതമാനത്തിന്റെ വൻ കുറവുണ്ടായി. എന്നാൽ സംസ്ഥാനത്തിന്റെ മൊത്തം ചെലവിൽ 8.97 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. റവന്യൂ ചെലവിന്റെ 64.40 ശതമാനവും, മൊത്തം റവന്യൂ വരവിന്റെ 80 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയതിലും സിഎജി കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനക്കമ്മിയും കൃത്രിമമായി കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ട് വിശദമാക്കുന്നു. മുൻ സർക്കാരിന്റെ കാലത്തെ ധനകാര്യ നടത്തിപ്പിൽ ഉണ്ടായ പാളിച്ചകൾ സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുന്നതാണെന്ന മുന്നറിയിപ്പാണ് റിപ്പോർട്ട് നൽകുന്നത്.















