ചാറ്റ് ജിപിടി മകളുടെ ആത്മഹത്യയെ പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണവുമായി കനേഡിയന്‍ യുവതി കോടതിയെ സമീപിച്ചു

ചാറ്റ് ജിപിടി മകളുടെ ആത്മഹത്യയെ പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണവുമായി കനേഡിയന്‍ യുവതി കോടതിയെ സമീപിച്ചു

ഒട്ടാവ: ചാറ്റ് ജിപിടി തന്റെ മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന പരാതിയുമായി കനേഡിയന്‍ യുവതി കോടതിയെ സമീപിച്ചു.ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങള്‍ തന്റെ മകളുടെ മാനസികാവസ്ഥ തകര്‍ക്കുകയും അവളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് കാട്ടി ഓപ്പണ്‍ എഐ കമ്പനിയ്‌ക്കെതിരേ യുവതി അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ നിന്നുള്ള ക്രിസ്റ്റി കേരിയര്‍ ആണ് സാന്‍ ഫ്രാന്‍സിസ്‌കോ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ക്രിസ്റ്റിയുടെ 24കാരിയായ മകള്‍ ആലിസ് കേരിയര്‍ പലവട്ടം ചാറ്റ്ജിപിടിയുമായി ആത്മഹത്യാ ചിന്തകള്‍ പങ്കുവെച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം ഗുരുതര സംഭാഷണങ്ങള്‍ തടയുന്നതില്‍ ഓപ്പണ്‍എഐയുടെ സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.

തുടക്കത്തില്‍ സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ചാറ്റ്ബോട്ട് പിന്നീട് ആലിസിന്റെ മാനസിക വിഷമങ്ങളെ സാധൂകരിക്കുന്ന രീതിയിലേക്ക് സംസാരം മാറ്റി. ആത്മഹത്യാ പ്രതിരോധ ഹോട്ട്‌ലൈനുകളെക്കുറിച്ചും അടുത്ത ബന്ധങ്ങളെക്കുറിച്ചും പ്രതികൂല അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും, സംഭാഷണം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ് പറയുന്നത്.
എന്നാല്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഓപ്പണ്‍എഐ ആരോപണങ്ങളെക്കുറിച്ച് വിശദമായ പ്രതികരണം നടത്തിയിട്ടില്ല.

ആലിസ് ഉപയോഗിച്ചിരുന്ന ചാറ്റ്ജിപിടിയുടെ പതിപ്പ് ഇപ്പോള്‍ പ്രവര്‍ത്തനത്തിലില്ലെന്നും, മാനസികാരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണെന്നും കമ്പനി അറിയിച്ചു. ആത്മഹത്യാ ചിന്തകള്‍ പ്രകടിപ്പിക്കുന്ന ഉപയോക്താക്കളെ സഹായകേന്ദ്രങ്ങളിലേക്കും യഥാര്‍ഥ ലോകത്തിലെ പിന്തുണാ സംവിധാനങ്ങളിലേക്കും നയിക്കാനാണ് മോഡലുകളെ പരിശീലിപ്പിച്ചിരിക്കുന്നതെന്നും ഓപ്പണ്‍എഐ വ്യക്തമാക്കി.

Canadian woman sues Chat GPT over daughter’s suicide

Share Email
LATEST excelnclexrn
Top