കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുവാക്കൾ ഡൽഹി ജന്തർ മന്ദിറിൽ സമാധാനപരമായി പ്രതിഷേധിച്ചു. തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ബിഹാർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മാർച്ചിൽ പങ്കെടുത്തു. എട്ടുലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം നൽകിയിട്ടും സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ജന്തർ മന്ദിറിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥികളും യുവാക്കളും എത്തിയത്. സമാധാനപരമായി നടന്ന പ്രതിഷേധത്തിന് സഹകരിച്ച ഡൽഹി പോലീസിനും പങ്കെടുത്തവർക്കും സിജെപി നന്ദി അറിയിച്ചു.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പുനഃക്രമീകരിക്കണമെങ്കിൽ വിദ്യാഭ്യാസ മന്ത്രിയെ പദവിയിൽ നിന്ന് മാറ്റണമെന്ന് സിജെപി ആവശ്യപ്പെട്ടു. ധർമേന്ദ്ര പ്രധാൻ സ്വയം രാജിവെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണം. ഇദ്ദേഹം സ്ഥാനത്ത് തുടരുന്നിടത്തോളം കാലം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ തകർച്ച പരിഹരിക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന് നിലവിൽ ഏഴു ദിവസത്തെ സമയമാണ് സിജെപി അനുവദിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഈ സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കും. വരും ദിവസങ്ങളിലെ പ്രക്ഷോഭങ്ങളും ജനാധിപത്യപരവും സമാധാനപരവുമായിരിക്കുമെന്നും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾക്കായി ഭരണഘടനാപരമായ പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.















