ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ തരംഗമായ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം നിരീക്ഷിക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ( വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നീറ്റ് പരീക്ഷാ തട്ടിപ്പ് രൂക്ഷമായ തൊഴിലില്ലായ്മ, രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ നിരന്തരമായ വീഴ്ചകൾ എന്നിവയ്ക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധത്തിന് സിജെപി ഒരുങ്ങുന്നതിനിടെയാണ് അഭിജിത് ദീപ്കെ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി അടിയന്തരമായി ആവശ്യപ്പെട്ടാണ് പാർട്ടിയുടെ ആദ്യത്തെ പരസ്യ പ്രതിഷേധം അരങ്ങേറുന്നത്.
സമരത്തിന് നേരിട്ട് നേതൃത്വം നൽകുന്നതിനായാണ് നിലവിൽ അമേരിക്കയിലുള്ള അഭിജിത് ഇന്ത്യയിലേക്ക് മടങ്ങുന്നത്. ജൂൺ 6-ന് ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തോടെ, വെറും അഞ്ച് ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ 20 മില്യണിലധികം ഫോളോവേഴ്‌സിനെ നേടിയ സിജെപി, സൈബർ ലോകത്തുനിന്നും ആദ്യമായി തെരുവിലെ ജനകീയ സമരത്തിലേക്ക് കടക്കുകയാണ്.
വിദ്യാഭ്യാസ മേഖലയിലെ പരാജയങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ എത്തിയ ശേഷം സമാധാനപരമായ പ്രതിഷേധത്തിനുള്ള അനുമതിക്കായി പോലീസിനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. താൻ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അതിന് പൂർണ്ണമായി തയ്യാറാണെന്നും അദ്ദേഹം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിരുന്നു.















