ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി ജെ പി. ശനിയാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപകെ അറിയിച്ചു. എന്നാൽ രാത്രിയിലെ സമരത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതോടെ രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.
ഇന്ന് വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച് നാളെ രാവിലെ വരെ നീളുന്ന രാപകൽ സമരവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. രാത്രിയിലും ജന്തർ മന്തറിൽ പ്രതിഷേധം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിജിത് ദീപ്കെ ഡൽഹി ഡി സി പിക്ക് കത്തുനൽകിയിരുന്നു. എന്നാൽ അതിവേഗം നൽകിയ ഈ അപേക്ഷ ഡൽഹി പൊലീസ് നിരസിക്കുകയായിരുന്നു.
പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് സി ജെ പിയുടെ തീരുമാനം. ഇതോടെ വരും മണിക്കൂറുകളിൽ ജന്തർ മന്തറിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വൻ സംഘർഷ സാധ്യതയാണ് നിലനിൽക്കുന്നത്. വൻ പൊലീസ് സന്നാഹമാണ് നിലവിൽ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.















