വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളുന്നതിനു മുമ്പേ വിവാദങ്ങളുടെ വേലിയേറ്റം. സൊമാലിയയില്‍ നിന്നുള്ള റഫറി ഒമര്‍ അബ്ദുല്‍കാദിര്‍ ആര്‍ട്ടനെ അമേരിക്കയില്‍ പ്രവേശിപ്പി ക്കാതെ തിരിച്ചയച്ചതാണ് ഏറ്റവും പുതിയ സംഭവം. സോമാലിയന്‍ സ്വദേശിയായ റഫറിയെ മിയാമി വിമാനത്താവളത്തില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ടത് ഫുട്‌ബോള്‍ ആരാധകരില്‍ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്.
ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയും ലോകത്തിലെ തന്നെ മുന്‍നിരക്കാരില്‍ ഒരാളുമായ ഒമര്‍ ആര്‍ട്ടന് വിസയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനാവില്ലെന്ന വാര്‍ത്തയില്‍ എനിക്ക് കടുത്ത നിരാശയുണ്ടെന്നു സൊമാലിയന്‍ പ്രധാനമന്ത്രി ഹസന്‍ അലി ഖൈറെ പറഞ്ഞു. കഠിനാധ്വാനവും പ്രൊഫഷണലിസവും കൊണ്ടാണ് ഒമര്‍ ഈ സ്ഥാനം നേടിയെടുത്തത്. അദ്ദേഹം സോമാലിയയെ മാത്രമല്ല, ലോകവേദിയില്‍ മികവ് അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആഫ്രിക്കക്കാരെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഏഴിന് ഇറാഖിന്റെ വൈസ് ക്യാപ്റ്റനും മുന്‍നിര സ്‌ട്രൈക്കറുമായ ഐമന്‍ ഹുസൈനെ യുഎസില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത സംഭവമുണ്ടായിരുന്നു. ഇറാഖിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത നിര്‍ണ്ണായക ഗോള്‍ നേടിയ താരം കൂടിയാണ് ഹുസൈന്‍. ടീമിലെ മറ്റൊരു ഫുട്‌ബോള്‍ താരത്തെയും ടീം ഫോട്ടോഗ്രാഫറെയും ചോദ്യം ചെയ്യലിനായി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. ഒടുവില്‍ ഹുസൈന്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഫോട്ടോഗ്രാഫറെ അനുവദിച്ചില്ല. ഇറാന്‍ ട്ീമിനു മാര്‍ച്ചില്‍ പ്രസിഡന്റ് ട്രംപിന്റെ വക ഭീഷണിയും ഉണ്ടായിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ട സമയത്ത്, ഇറാനെ ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമോ എന്ന് ട്രംപ് പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇറാന്‍ ടീമിനെ സ്വാഗതം ചെയ്ത ട്രംപ്, അവരുടെ സ്വന്തം ജീവന്റെയും സുരക്ഷയുടെയും കാര്യത്തില്‍ അവര്‍ ഇവിടെ വരുന്നത് ഉചിതമാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്‍ ആശങ്ക അറിയിച്ചിട്ടും മത്സരങ്ങള്‍ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റാന്‍ ഫിഫ തയ്യാറായിരുന്നില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിന് 10 ദിവസം മുന്‍പ് മാത്രമാണ് ഇറാന്‍ കളിക്കാര്‍ക്ക് വിസ അനുവദിച്ചത് . ഇതും ഏറെ വിവാദമായിരുന്നു.
Controversy erupts before football kickoff: Somali referee sent back; Iranian player detained















