ടെഹ്റാൻ: യുഎസ്-ഇറാൻ സൈനിക സംഘർഷത്തെത്തുടർന്ന് കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് വഴി, മാർച്ചിന് ശേഷം ആദ്യമായി യൂറോപ്പിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണക്കപ്പൽ യാത്ര തിരിച്ചു. മേയ് അവസാന വാരം ഗൾഫ് മേഖലയിൽ നിന്ന് പുറപ്പെട്ട ഈ കപ്പലിൽ രണ്ട് മില്യൺ (20 ലക്ഷം) ബാരൽ അസംസ്‌കൃത എണ്ണയുണ്ടെന്ന് പ്രമുഖ സമുദ്ര ട്രാക്കിംഗ് വിവരശേഖരണ സ്ഥാപനമായ കെപ്ലർ വ്യക്തമാക്കി. മാർഷൽ ഐലൻഡ്‌സിന്റെ പതാകയേന്തിയ ‘അഡ്വാന്റേജ് വിക്ടറി’ എന്ന കൂറ്റൻ ട്രാങ്കറാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത്.
മേയ് 27-ന് ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ സുരക്ഷാ കാരണങ്ങളാൽ കപ്പൽ തങ്ങളുടെ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കപ്പലിൽ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിഗ്നൽ പുനഃസ്ഥാപിച്ചപ്പോഴാണ് ഇത് യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ നെതർലൻഡ്‌സിലെ റോട്ടർഡാമിലേക്കാണ് പോകുന്നതെന്ന് വ്യക്തമായത്. ജൂലൈ 7-ഓടെ കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാഖിലെ ബസ്ര തുറമുഖത്ത് നിന്ന് ഫെബ്രുവരി 24, മാർച്ച് 1 തീയതികളിലാണ് കപ്പലിൽ ഇറാഖി എണ്ണ ശേഖരിച്ചത്. ട്രാൻസ്‌പോണ്ടർ വിവരങ്ങൾ പ്രകാരം കപ്പൽ നിലവിൽ ആഫ്രിക്കൻ തീരത്തെ മഡഗാസ്കറിന് സമീപമാണ് സഞ്ചരിക്കുന്നത്. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ കടുത്ത സുരക്ഷാ പ്രതിസന്ധിയാണ് ഈ മേഖലയിലുണ്ടായത്. തുടർന്ന് മാർച്ച് 1-ന് ഗൾഫ് വിട്ട ‘ന്യൂ വിഷൻ’ എന്ന കപ്പലിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി യൂറോപ്പിലേക്ക് എണ്ണയുമായി പോകുന്ന ആദ്യ ടാങ്കറാണിത്. കെപ്ലർ പുറത്തുവിട്ട ആകെ കണക്കുകൾ പ്രകാരം മാർച്ച് 1 മുതൽ ഇതുവരെ 103 എണ്ണക്കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് വഴി ഗൾഫ് മേഖലയ്ക്ക് പുറത്തേക്ക് പോയിട്ടുള്ളത്. ഇവയിലായി ആകെ 185 മില്യൺ ബാരൽ ക്രൂഡ് ഓയിൽ കയറ്റി അയച്ചിട്ടുണ്ട്. യുഎസ്-ഇറാൻ നാവിക ഉപരോധങ്ങൾക്കിടയിലും അന്താരാഷ്ട്ര വിപണിയിലേക്ക് ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ സൂചനയായാണ് ഈ കപ്പലിന്റെ യാത്രയെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.















