കൽഹാരിയിൽ ചരിത്രമെഴുതാൻ ഒരുങ്ങി ഫൊക്കാന കൺവൻഷൻ 2026: കൺവെൻഷൻ ചെയർമാൻ ആൽബർട്ട് ആന്റണി

കൽഹാരിയിൽ ചരിത്രമെഴുതാൻ ഒരുങ്ങി ഫൊക്കാന കൺവൻഷൻ 2026: കൺവെൻഷൻ ചെയർമാൻ ആൽബർട്ട് ആന്റണി

നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ ഇത്തവണ കുടുംബകേന്ദ്രിതമായ പുതിയ ആശയങ്ങളുമായും ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളുമായും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയിലെ പ്രശസ്തമായ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷൻ, സംഘടനാ അംഗങ്ങളെ മാത്രമല്ല, ഫൊക്കാനയ്ക്ക് പുറത്തുള്ള മലയാളി കുടുംബങ്ങളെയും യുവതലമുറയെയും ഒരുമിപ്പിക്കുന്ന വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഗിന്നസ് റെക്കോർഡ് ലക്ഷ്യമിടുന്ന വമ്പൻ പരിപാടികൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ റിസോർട്ട് സൗകര്യങ്ങൾ, വനിതാ-യുവജന പങ്കാളിത്തത്തിന് നൽകുന്ന പ്രാധാന്യം എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകൾ. കൺവെൻഷന്റെ ഒരുക്കങ്ങൾ, വെല്ലുവിളികൾ, പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് ഫൊക്കാന കൺവെൻഷൻ ചെയർമാൻ ആൽബർട്ട് ആന്റണി കണ്ണംപിള്ളി സംസാരിക്കുന്നു…

ഫൊക്കാനയുടെ വരാനിരിക്കുന്ന കൽഹാരി കൺവെൻഷന്റെ ഒരുക്കങ്ങൾ എങ്ങനെയാണ് പുരോഗമിക്കുന്നത്?

വളരെ സന്തോഷകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ തന്നെ കൽഹാരി കൺവെൻഷന്റെ കിക്കോഫ് നടത്തിയിരുന്നെങ്കിലും കേരള കൺവെൻഷനെ ബാധിക്കാതിരിക്കാൻ സെപ്റ്റംബർ മുതൽ മാത്രമാണ് സജീവമായ പ്രവർത്തനങ്ങളിലേക്ക് കടന്നത്. ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ റൂമുകളും ബുക്ക് ആയി. പിന്നീട് ആളുകളുടെ അഭ്യർത്ഥനപ്രകാരം അധിക റൂമുകൾ ലഭ്യമാക്കിയെങ്കിലും അവയും വേഗത്തിൽ നിറഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, രജിസ്റ്റർ ചെയ്തവരിൽ വലിയൊരു വിഭാഗം ഫൊക്കാനയ്ക്ക് പുറത്തുള്ളവരാണ്. ഫൊക്കാനയെ കൂടുതൽ കുടുംബങ്ങളിലേക്കും പുതിയ തലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യം വലിയ തോതിൽ വിജയിച്ചുവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.

ഇത്തവണ കൺവെൻഷൻ നടത്താൻ കൽഹാരി റിസോർട്ട് തിരഞ്ഞെടുക്കാൻ കാരണമെന്താണ്?

ഈ കൺവെൻഷനെ ഒരു കുടുംബസംഗമവും അവധിക്കാല അനുഭവവുമാക്കി മാറ്റണമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. കൽഹാരി അമേരിക്കയിലെ ഏറ്റവും വലിയ ഇൻഡോർ വാട്ടർ പാർക്കുകളിലൊന്നുള്ള റിസോർട്ടാണ്. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന സൗകര്യങ്ങളുണ്ട്. നഗരങ്ങളുടെ തിരക്കിൽ നിന്ന് അകന്ന് ശാന്തമായ അന്തരീക്ഷത്തിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മലനിരകളും മനോഹരമായ സായാഹ്ന കാഴ്ചകളും വിശാലമായ പാർക്കിംഗ് സൗകര്യവും ആയിരക്കണക്കിന് റൂമുകളും ഈ വേദിയുടെ പ്രത്യേകതകളാണ്. കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കാനുള്ള മികച്ച അവസരമാണ് ഇത്.രജിസ്ട്രേഷനും താമസസൗകര്യങ്ങളും സംബന്ധിച്ച സാഹചര്യം എന്താണ്?റൂമുകളുടെയും കൺവെൻഷൻ രജിസ്ട്രേഷന്റെയും നടപടികൾ പൂർത്തിയായി. ഏർളി ബേർഡ് രജിസ്ട്രേഷൻ ഡിസംബർ 31,2025 വരെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു മുമ്പേ എല്ലാ റൂമുകളും വിറ്റുതീർന്നു. സാധാരണയായി ഓഗസ്റ്റ് മാസത്തിൽ ഈ റിസോർട്ടിലെ ഒരു രാത്രിയുടെ നിരക്ക് 700 മുതൽ 800 ഡോളർ വരെയാണ്. എന്നാൽ കുടുംബങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കാൻ ഞങ്ങൾ പ്രത്യേക പാക്കേജുകൾ ഒരുക്കി. അത് വലിയൊരു സാമ്പത്തിക വെല്ലുവിളിയായിരുന്നു, പക്ഷേ ഫൊക്കാനയുടെ ഒത്തുചേരലിൽ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവം നൽകുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ ഏതൊക്കെയാണ്?രണ്ട് മെഗാ ഇവന്റുകളാണ് പ്രത്യേക ശ്രദ്ധ നേടുന്നത്. ഒന്നാമത്തേത് മോഹിനിയാട്ടത്തിലൂടെ ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമമാണ്. ആദ്യം 400-500 പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും രജിസ്ട്രേഷൻ അവസാനിക്കുമ്പോൾ 1000 ത്തിൽ അധികം പേർ ഇതിൽ ചേർന്നു. നോർത്ത് അമേരിക്കയിൽ ഇത്രയധികം പേർ മോഹിനിയാട്ടത്തിൽ താൽപര്യം കാണിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. രണ്ടാമത്തേത് ചെണ്ടമേളമാണ്. അതിലും ഏകദേശം 500 ൽ കൂടുതൽ താളമേളക്കാർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള വലിയ അവസരമായിരിക്കും ഈ രണ്ട് പരിപാടികളും. എല്ലാ പ്രധാന പരിപാടികളും ഇൻഡോർ സംവിധാനത്തിലാണ് നടക്കുന്നത്. രജിസ്റ്റർ ചെയ്തവർക്കു മാത്രമേ പ്രവേശനമുണ്ടാകൂ. റിസോർട്ടിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വളരെ കർശനമാണ്. നിയന്ത്രിത പ്രവേശനവും പ്രൊഫഷണൽ സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാൽ എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ സാധിക്കും. പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ഒരു വിഷനോടും മിഷനോടും കൂടിയുള്ള പ്രവർത്തനം ഫൊക്കാന ഇന്ന് പുതിയ തലത്തിൽ എത്തിക്കഴിഞ്ഞു.

വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ പ്രത്യേക പദ്ധതികളുണ്ടോ?തീർച്ചയായും. ഫൊക്കാനയുടെ വിമൻസ് ഫോറം വളരെ സജീവമായി പ്രവർത്തിക്കുന്നു. യുവതികൾക്കായുള്ള മിസ് ഫൊക്കാന മത്സരം, സ്ത്രീകളുടെ ബ്യൂട്ടി പേജന്റായ ‘മലയാളി മങ്ക’ എന്നിങ്ങനെ വനിതാ കേന്ദ്രീകൃത പരിപാടികൾ ഈ വർഷവും ഉണ്ടാകും. വനിതകളുടെ കഴിവുകളും നേതൃത്വവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.സുവനീറിനെക്കുറിച്ച് പറയാമോ?സുവനീറിന്റെ പ്രവർത്തനങ്ങൾ പ്രത്യേക കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. രചനകൾ സ്വീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സുവനീറിന്റെ പ്രകാശനം കൺവെൻഷൻ വേദിയിൽ വെച്ചുതന്നെയായിരിക്കും.

ഇത്ര വലിയൊരു കൺവെൻഷന്റെ നേതൃത്വം വഹിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

ഇത് വലിയ ഉത്തരവാദിത്തമാണ്. സാമ്പത്തികമായും സംഘടനാപരമായും നിരവധി ഘടകങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും വ്യക്തതയും കൃത്യമായ ആസൂത്രണവും ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഒരാൾക്ക് മാത്രം ചെയ്യാനാകുന്ന കാര്യമല്ല ഇത്. മികച്ച സംഘത്തെ രൂപീകരിച്ച് ഉത്തരവാദിത്തങ്ങൾ പങ്കുവെച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അതിന്റെ ഫലമാണ് ഇതുവരെ ലഭിച്ച മികച്ച പ്രതികരണവും വിജയവും. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി,ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവർ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ എല്ലാവരും തന്നെ നല്ലരീതിയിൽ കൂടെനിൽക്കുന്നത് വലിയ കരുത്താണ്. യാതൊരുവിധ അംഗീകാരവും പ്രതീക്ഷിക്കാതെ ആത്മാർത്ഥമായി ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളുടെയും സംഘടനാപ്രവർത്തകരുടെയും സമയത്തിനും പരിശ്രമത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സ്പോൺസർമാരുടെ അകമഴിഞ്ഞ പിന്തുണയും ഈ അവസരത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുന്നു.

കുടുംബത്തിന്റെ പിന്തുണ?

ഇത്ര വലിയൊരു കൺവെൻഷന്റെ ചുമതല ഏറ്റെടുക്കുമ്പോൾ കുടുംബത്തിന്റെ പിന്തുണ വളരെ വിലപ്പെട്ടതാണ്. ഭാര്യ ഷൈനി ഒരു ആശുപത്രിയിൽ സീനിയർ സിസ്റ്റം ആപ്ലിക്കേഷൻ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. മൂത്ത മകൾ ആൻമരിയ ലോ സ്കൂൾ പഠനം പൂർത്തിയാക്കി അറ്റോർണിയായി കരിയർ ആരംഭിക്കുന്ന ഘട്ടത്തിലാണ്. മകൻ അലോഷ്യസ്. മൂന്നാം വർഷ കോളജ് വിദ്യാർത്ഥിയാണ്. കുടുംബത്തിലെ ഓരോരുത്തരുടെയും താൽപര്യങ്ങളും കാഴ്ചപ്പാടുകളും മനസിലാക്കിക്കൊണ്ടാണ് സ്ത്രീകൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആകർഷകമായ ഒരു കൺവെൻഷൻ വിഭാവനം ചെയ്യാൻ സാധിച്ചത്.

കുടുംബാംഗങ്ങളുടെ താൽപര്യങ്ങൾ മനസിലാക്കി അതിനെ കൺവെൻഷൻ ആസൂത്രണത്തിന്റെ ഭാഗമാക്കിയത് ഇത്തവണ സ്ത്രീകൾക്കും യുവാക്കൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന പരിപാടികൾക്ക് പ്രാധാന്യം നൽകാൻ സഹായകമായിട്ടുണ്ട്. ഫൊക്കാനയുടെ ഭാവി കുടുംബങ്ങളിലൂടെയും യുവതലമുറയിലൂടെയുമാണ് വളരേണ്ടത്. അതുകൊണ്ടാണ് എല്ലാവർക്കും തങ്ങളുടെതായ ഇടവും അനുഭവവും ലഭിക്കുന്ന തരത്തിൽ കൺവെൻഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൺവെൻഷന്റെ ബിസിനസ്, സാമൂഹിക, ബൗദ്ധിക പരിപാടികളെക്കുറിച്ച് പറയാമോ?

ഫൊക്കാന കൺവെൻഷൻ ഒരു സാംസ്കാരിക ആഘോഷം മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരുമിപ്പിക്കുന്ന വേദി കൂടിയാണ്. ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, വിവിധ കേന്ദ്ര-സംസ്ഥാന ജനപ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയ പ്രമുഖരെ കൺവെൻഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പദ്മവിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ ,  പ്രമുഖ വ്യവസായി എം. എ. യൂസഫലിയും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത്തവണ യുവതലമുറയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ബിസിനസ് മീറ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംരംഭകത്വത്തിലും തൊഴിൽ സാധ്യതകളിലും താൽപര്യമുള്ള യുവാക്കൾക്ക് പ്രമുഖ ബിസിനസ് നേതാക്കളുമായി ആശയവിനിമയം നടത്താനും പുതിയ അവസരങ്ങൾ കണ്ടെത്താനും ഇത് സഹായകരമാകും.

അതോടൊപ്പം സാഹിത്യ സെമിനാർ, മീഡിയ സെമിനാർ തുടങ്ങിയ ബൗദ്ധിക ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന ഈ സെഷനുകൾ അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ആശയവിനിമയത്തിനും വേദിയാകും. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ ഒരു കൺവെൻഷനാണ് ഉദ്ദേശിക്കുന്നത്.

കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള താങ്കളുടെ സന്ദേശം?

ഇത് ഒരു സാധാരണ സമ്മേളനമായി മാത്രം കാണരുത്. കുടുംബങ്ങൾക്കും യുവതലമുറയ്ക്കും ഒരുമിച്ച് സമയം ചെലവഴിക്കാനും നമ്മുടെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കാനും ഉള്ള വലിയ അവസരമാണ്. നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും ശക്തിയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായിരിക്കും ഈ കൺവെൻഷൻ. എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Share Email
LATEST excelnclexrn
More Articles
Top