ലണ്ടന്‍: എബിസി ന്യൂസിന്റെ മുന്‍ പ്രൊഡ്യൂസറും ഡ്രൈവറുമായ മാക്‌സിം ‘മാക്‌സ്’ ഒസെറെഡ്ചുക് (30) ബുധനാഴ്ച രാത്രി നടന്ന റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
1995 നവംബര്‍ 4-ന് ഉക്രൈനിലെ ഡൊണെസ്‌ക് മേഖലയിലെ വുഹ്ലെദാര്‍ നഗരത്തിലാണ് മാക്‌സ് ജനിച്ചത്. 2023-ന്റെ തുടക്കത്തില്‍ റഷ്യന്‍ സൈന്യം അധീനതയിലാക്കിയ ഈ നഗരം യുദ്ധത്തില്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചിരുന്നു.
വിന്നിറ്റ്‌സിയ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഏതാനും വര്‍ഷങ്ങള്‍ ലോജിസ്റ്റിക്‌സ് മാനേജറായി ജോലി ചെയ്തിരുന്നു. എന്നാല്‍ 2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനെ പൂര്‍ണതോതില്‍ ആക്രമിച്ചതിന് പിന്നാലെ, കീവില്‍ നിന്ന് എബിസി ന്യൂസിനൊപ്പം ജോലി ആരംഭിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഡ്രൈവറായിരുന്ന പിതാവ് സാഷയുടെ പാതയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
യുദ്ധത്തിന്റെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തില്‍, സ്വന്തം രാജ്യം ആക്രമണത്തിന് ഇരയായപ്പോഴും, മാക്‌സ് എബിസി ന്യൂസിനു വേണ്ടി വാര്‍ത്തകള്‍ നല്കിയിരുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ യുദ്ധങ്ങളിലൊന്നിന്റെ ഹൃദയഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ടിംഗില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
എബിസി ന്യൂസില്‍ നിന്ന് പിരിഞ്ഞശേഷം അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ ഡ്രൈവറായും ‘ഫിക്സര്‍’ (പ്രാദേശിക ഏകോപകന്‍) ആയും പ്രവര്‍ത്തിച്ചു. യുദ്ധമുന്നണിയിലെ ഏറ്റവും അപകടകരമായ മേഖലകളില്‍ പോലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ജോലിയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്നതായിരുന്നു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാക്‌സ് ഉക്രൈന്‍ സൈന്യത്തിലേക്ക് നിര്‍ബന്ധിത സേവനത്തിനായി ചേര്‍ക്കപ്പെടുകയും 34-ാം മറിന്‍ ബ്രിഗേഡില്‍ നിയമിക്കപ്പെടുകയും ചെയ്തു. ഭാര്യ കതറീനയും ഒമ്പത് മാസം പ്രായമുള്ള മകള്‍ മരിയയുമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍.
Former ABC News producer Max Oseredchuk killed in Russian drone strike















