pulimoottil

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം പെട്ടെന്ന് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം പെട്ടെന്ന് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് കീഴ്ക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജികൾ ജൂലൈ 13-ലേക്ക് മാറ്റി.

പ്രതിക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ച നടപടിയെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ശക്തമായി എതിർത്തു. ജാമ്യം അനുവദിക്കരുതെന്ന പോലീസ് റിപ്പോർട്ടിന് വിരുദ്ധമായ നിലപാടാണ് കോടതിയിൽ ഉണ്ടായതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തുകളിച്ചുവെന്ന ആരോപണമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണക്കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങളാണ് നിലനിൽക്കുന്നത്. പോലീസ് റിപ്പോർട്ട് അവഗണിച്ച് പ്രതിക്ക് അനുകൂലമായി നിലപാടെടുത്തു എന്ന ആരോപണത്തെ തുടർന്ന് നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേസ് അതീവ ഗൗരവമുള്ളതാണെന്നും തുടർനടപടികളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
Top