ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിന് തൊട്ട് മുമ്പ്, 3 ഇന്ത്യൻ സൂപ്പർടാങ്കറുകൾ വിജയകരമായി കടന്നു; ഇന്ത്യയിലേക്കുള്ള യാത്രയിലെന്ന് കേന്ദ്രമന്ത്രി

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിന് തൊട്ട് മുമ്പ്, 3 ഇന്ത്യൻ സൂപ്പർടാങ്കറുകൾ വിജയകരമായി കടന്നു; ഇന്ത്യയിലേക്കുള്ള യാത്രയിലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, 94 ഇന്ത്യൻ നാവികരുമായി മൂന്ന് ഇന്ത്യൻ അസംസ്കൃത എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ശനിയാഴ്ച പകൽ സമയത്താണ് കപ്പലുകൾ കടലിടുക്ക് പിന്നിട്ടതെന്നും അവ നിലവിൽ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലൂംബെർഗ് പുറത്തുവിട്ട കപ്പൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം, ‘ദേശ് വിഭോർ’ എന്ന കപ്പൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ യുഎസ് സൈന്യത്തിന്റെ നിർദേശപ്രകാരം തെക്കൻ പാതയിലേക്ക് തിരിഞ്ഞിരുന്നു. പിന്നീട് കപ്പൽ ഇറാൻ തീരത്തോട് ചേർന്ന മാർഗത്തിലേക്ക് തിരിച്ചെത്തുകയും യാത്ര തുടരുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

‘ദേശ് വൈഭവ്’, ‘ദേശ് വിഭോർ’, ‘സൻമാർ ഹെറാൾഡ്’ എന്നീ മൂന്ന് ഇന്ത്യൻ ടാങ്കറുകളും ഒടുവിൽ സുരക്ഷിതമായി അന്താരാഷ്ട്ര ജലാതിർത്തിയിൽ പ്രവേശിച്ചു. ഈ കപ്പലുകളിലായി 8.6 ലക്ഷം ടണ്ണിലധികം അസംസ്കൃത എണ്ണയുണ്ടെന്നും ജൂൺ 24നും ജൂലൈ 1നും ഇടയിൽ അവ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലെത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിൽ ‘ദേശ് വൈഭവ്’, ‘ദേശ് വിഭോർ’ എന്നീ കപ്പലുകൾ ജൂൺ 24-ന് ഗുജറാത്തിലെ വാഡിനാർ, സിക്ക തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഒടുവിൽ കടലിടുക്ക് പിന്നിട്ട ‘സൻമാർ ഹെറാൾഡ്’ ജൂലൈ 1-ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കും കേന്ദ്ര സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് സോനോവാൾ വ്യക്തമാക്കി. അതേസമയം, പത്ത് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന ധാരണയുടെ ഭാഗമായി ഈ ആഴ്ച ആദ്യം ഹോർമുസ് കടലിടുക്ക് തുറന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുമെന്ന ഇറാന്റെ ഉറപ്പിനെ തുടർന്ന് അമേരിക്ക എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളും അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണവും ഉന്നയിച്ച് ശനിയാഴ്ച വൈകുന്നേരത്തോടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് പ്രഖ്യാപിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ഇറാൻ ഔദ്യോഗിക ടെലിവിഷനിലൂടെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

Share Email
LATEST excelnclexrn
More Articles
Top