അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളുടെ തീയതി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖമേനി വധിക്കപ്പെട്ട് 106-ാം ദിവസമാണ് ഇറാന്റെ ഈ പ്രഖ്യാപനം വരുന്നത്. ജൂലൈ 4-ന് തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിക്കുന്ന വിലാപയാത്രയും ഔദ്യോഗിക ചടങ്ങുകളും മൂന്ന് ദിവസത്തെ രാജ്യവ്യാപക പര്യടനത്തിന് ശേഷം ജൂലൈ 9-ന് വടക്കുകിഴക്കൻ നഗരമായ മഷാദിലെ സംസ്കാരത്തോടെ സമാപിക്കും. കഴിഞ്ഞ ഫെബ്രുവരി 28-നാണ് ടെഹ്റാനിലെ വസതിയിൽ വെച്ച് വ്യോമാക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടത്.
സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് വീണ്ടും ശത്രുരാജ്യങ്ങളുടെ ആക്രമണം ഉണ്ടായേക്കുമെന്ന കടുത്ത സുരക്ഷാ വിലയിരുത്തലുകളെത്തുടർന്നാണ് സംസ്കാരം ഇത്രയും നാൾ നീണ്ടുപോയത്. ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങായതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയുമായി നടത്തിയ നയതന്ത്ര-സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ ഔദ്യോഗിക നയതന്ത്ര ധാരണകൾ യാഥാർഥ്യമാകുമെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരിയിലെ ആക്രമണത്തിൽ ഖമേനിയോടൊപ്പം ഇറാന്റെ പ്രമുഖ സൈനിക-പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്ത് ഭരണപ്രതിസന്ധി ഒഴിവാക്കുന്നതിനായി അസംബ്ലി ഓഫ് എക്സ്പെർട്സ് മാർച്ച് 8-ന് ഖമേനിയുടെ മകൻ മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു. മുഹറം മാസത്തിന്റെ തുടക്കത്തിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇറാൻ ഒരുക്കുന്നത്.















