ന്യൂഡൽഹി: അമേരിക്കയുമായി സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാന്റെ സൈനിക വിഭാഗങ്ങൾ അതീവ ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സജ്ജമാണെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഘാദിർ നെസാമി മുന്നറിയിപ്പ് നൽകി. മുൻപ് സമാധാന ചർച്ചകൾ നടന്നുകൊണ്ടിരുന്ന ഘട്ടങ്ങളിൽ രണ്ട് തവണ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അമേരിക്കയുടെ നിലപാടുകളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സന്ദർശനത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഉൾപ്പെടെയുള്ള പ്രമുഖ ചൈനീസ് നയതന്ത്രജ്ഞരുമായി ഘാദിർ നെസാമി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ഇറാനിയൻ എംബസി ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചതെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാൻ വൃത്തങ്ങൾ അറിയിച്ചു.















