വിയന്ന: തങ്ങളുടെ പക്കലുള്ള അവശേഷിക്കുന്ന യുറേനിയം ശേഖരം അടിയന്തിരമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പാസാക്കിയ പ്രമേയം വെറും രാഷ്ട്രീയ നാടകമാണെന്ന് ഇറാൻ. വിയന്നയിലെ യുഎൻ ആസ്ഥാനത്തുള്ള ഇറാന്‍റെ സ്ഥിരം പ്രതിനിധി സംഘമാണ് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് കൊണ്ടുവന്ന ഈ പ്രമേയത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഐഎഇഎ ബോർഡ് ഓഫ് ഗവർണേഴ്സ് പാസാക്കിയ ഈ നിർദ്ദേശം പ്രൊഫഷണലിസം ഇല്ലാത്തതാണെന്നും ഇറാൻ കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ഇറാൻ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ ഐഎഇഎയുടെ നിഷ്പക്ഷതയെ പൂർണ്ണമായും ചോദ്യം ചെയ്യുന്നുണ്ട്. “യുദ്ധക്കൊതിയന്മാർ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഐഎഇഎയെ ഒരു ആയുധമാക്കുകയാണ്. ഏജൻസിയിലെ ഒരു അംഗരാജ്യത്തിന്റെ സമാധാനപരമായ ആണവനിലയങ്ങൾക്ക് നേരെ ചരിത്രത്തിലാദ്യമായി ഇത്രയും വലിയ നിയമവിരുദ്ധ സൈനിക ആക്രമണങ്ങൾ നടന്നിട്ടും, അതിൽ ഒരു ചെറിയ ആശങ്ക പോലും പ്രകടിപ്പിക്കാൻ കെൽപ്പില്ലാത്ത ഈ സംഘടനയെ പൊതുജനം എങ്ങനെ വിശ്വസിക്കും?” എന്ന് ഇറാൻ ചോദിച്ചു.
ഫെബ്രുവരി അവസാനം യുഎസും ഇസ്രായേലും തങ്ങളുടെ ആണവ-പ്രതിരോധ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങളെ മുൻനിർത്തിയാണ് ഇറാൻ ഈ വിമർശനം ഉന്നയിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി പാസാക്കിയ ഈ പ്രമേയത്തിന് കൃത്യമായ മറുപടി നൽകുമെന്നും, തങ്ങളുടെ അലംഘനീയമായ പരമാധികാരവും അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്നും ഇറാന്റെ നയതന്ത്ര സംഘം വ്യക്തമാക്കി. ഐഎഇഎ പ്രമേയത്തിന് പിന്നാലെ ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത നിലപാട് പശ്ചിമേഷ്യയിലെ നയതന്ത്ര പ്രതിസന്ധി വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.















