ഞായറാഴ്ച ജനീവയിൽ വെച്ച് കരാർ ഒപ്പിടുമെന്ന വാർത്തകൾ വ്യാജം, തീ‌ർത്തും അസത്യം; യുഎസ് അവകാശവാദങ്ങൾ തള്ളി ഇറാൻ

ഞായറാഴ്ച ജനീവയിൽ വെച്ച് കരാർ ഒപ്പിടുമെന്ന വാർത്തകൾ വ്യാജം, തീ‌ർത്തും അസത്യം; യുഎസ് അവകാശവാദങ്ങൾ തള്ളി ഇറാൻ

ടെഹ്റാൻ/ജനീവ: യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാർ പൂർണ്ണമായി അംഗീകരിക്കപ്പെട്ടെന്നും വരും ഞായറാഴ്ച ജനീവയിൽ വെച്ച് ഔദ്യോഗികമായി ഒപ്പുവെക്കുമെന്നുമുള്ള വാർത്തകൾ പൂർണ്ണമായും തള്ളി ഇറാൻ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ “പച്ചക്കള്ളമാണ്” എന്ന് ഇറാന്റെ ചർച്ചാ സംഘവുമായി അടുത്ത ബന്ധമുള്ള ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചില അന്താരാഷ്ട്ര മാധ്യമങ്ങളും കരാർ അന്തിമഘട്ടത്തിലാണെന്ന് അവകാശപ്പെടുമ്പോഴാണ് ഇറാൻ ഇതിനെ പരസ്യമായി നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

“കരാർ പൂർണ്ണമായി അംഗീകരിക്കപ്പെട്ടെന്നും ഞായറാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും ഇതിൽ ഒപ്പുവെക്കാൻ പോവുകയാണെന്നുമുള്ള ട്രംപിന്റെയും ചില വിദേശ മാധ്യമങ്ങളുടെയും അവകാശവാദങ്ങൾ തീർത്തും അസത്യമാണ്,” ഇറാനിയൻ വക്താവ് വ്യക്തമാക്കി. കരാറിലെ പല സുപ്രധാന വ്യവസ്ഥകളിലും ഇറാന്റെ ആഭ്യന്തരമായ പരിശോധനകളും ഭരണഘടനാപരമായ തീരുമാനങ്ങളും ഇനിയും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരവിപ്പിച്ച 24 ബില്യൺ ഡോളറിന്റെ ഫണ്ട് റിലീസ് ചെയ്യണമെന്നും തീവ്രവാദി ഗ്രൂപ്പുകൾക്കുള്ള ധനസഹായം നിർത്തലാക്കില്ലെന്നുമുള്ള നിലപാടുകളിൽ ഇറാൻ ഉറച്ചുനിൽക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കാതെ ഒരൊറ്റ ഡോളർ പോലും വിട്ടുനൽകില്ലെന്ന് ട്രംപ് ഭരണകൂടം കർശന നിലപാട് എടുത്തതോടെയാണ് ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായത്. ഞായറാഴ്ച കരാർ ഒപ്പിടുമെന്ന വാർത്ത ഇറാൻ തള്ളിയതോടെ, മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സമാധാന നീക്കങ്ങൾ ഇനിയും നീളുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Share Email
Top