ടെൽ അവീവ്: ഞായറാഴ്ച രാത്രി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വടക്കൻ ഇസ്രായേലിലെ തന്ത്രപ്രധാനമായ ‘റമത് ഡേവിഡ്’ വ്യോമസേനാ താവളത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേൽ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാന്‍റെ മിസൈൽ ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് ബേസിനുള്ളിലെ ഒരു കെട്ടിടത്തിന് മേൽ പതിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വടക്കൻ ഇസ്രായേലിലെ ഈ പ്രധാന വ്യോമതാവളത്തെ ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടിരുന്നു. മിസൈലുകൾ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ തങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.
ആക്രമണത്തിൽ താവളത്തിലെ ഒരു വെയർഹൗസിന് (ഹാംഗർ) ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഈ സ്ഫോടനത്തിൽ ആർക്കും പരിക്കേൽക്കുകയോ താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയോ ചെയ്തിട്ടില്ലെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. താവളത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാൻ ഐഡിഎഫ് വിശദമായ അന്വേഷണം നടത്തിവരികയാണ്. യുഎസും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ മേഖലയിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കനക്കുകയാണ്.















