ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ഇറാൻ തകർക്കുന്നു, ശക്തമായി അപലപിച്ച് കുവൈറ്റ്; പരമാധികാര ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം

ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ഇറാൻ തകർക്കുന്നു, ശക്തമായി അപലപിച്ച് കുവൈറ്റ്; പരമാധികാര ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇറാന്റെ പുതിയ സൈനിക നടപടികളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ഇത്തരം ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവർത്തിച്ചുള്ള ആവശ്യങ്ങളെ ഇറാൻ പൂർണമായും അവഗണിക്കുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം ആരോപിച്ചു. സാധാരണ പൗരന്മാരുടെയും വിദേശ താമസക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുകയും ചെയ്യുന്ന നടപടികളോടാണ് ഇറാൻ മുന്നോട്ടുപോകുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇറാന്റെ പുതിയ സൈനിക നീക്കങ്ങൾ കുവൈറ്റിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനത്തിന് പുറമെ, 2026-ൽ പാസാക്കിയ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയം 2817-ന്റെ പരസ്യമായ ലംഘനവുമാണിതെന്ന് കുവൈറ്റ് ആരോപിച്ചു.

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ലഘൂകരിക്കാനും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര തലത്തിൽ ശക്തമായ നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഇറാന്റെ ഇത്തരം നടപടികൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം അധിനിവേശപരമായ നടപടികൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ കുവൈറ്റ്, അന്താരാഷ്ട്ര നിയമങ്ങളും ബാധ്യതകളും പാലിക്കാൻ ഇറാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
Top