പിന്റോ കണ്ണംപള്ളി
അമേരിക്കയില്‍ ജൂണ്‍ മാസം ആരംഭിക്കുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേനലവധിയിലേക്ക് കടക്കുന്നു. പല സംസ്ഥാനങ്ങളിലെയും സ്‌കൂളുകള്‍ മെയ് അവസാനവാരമോ ജൂണ്‍ ആദ്യവാരമോ അടയ്ക്കുകയും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ മാത്രമാണ് വീണ്ടും തുറക്കുകയും ചെയ്യുന്നത്. അതായത് ഏകദേശം 75 മുതല്‍ 100 ദിവസം വരെ നീളുന്ന ഒരു ദീര്‍ഘ അവധിക്കാലം. പല സ്‌കൂള്‍ ജില്ലകളിലും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ വാക്‌സിനേഷനുകള്‍, ആരോഗ്യരേഖകള്‍, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ പുതുക്കി സമര്‍പ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വേനലവധി കുട്ടികള്‍ക്ക് വിശ്രമത്തിന്റെയും കുടുംബങ്ങള്‍ക്ക് ആസൂത്രണത്തിന്റെയും കാലമായി മാറുന്നു.
ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാധാരണയായി ജൂണ്‍ മധ്യത്തിലോ അവസാനത്തിലോ സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ ടെക്‌സസ്, ജോര്‍ജിയ, ഫ്‌ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെയ് അവസാനത്തോടെ തന്നെ അവധി ആരംഭിക്കാറുണ്ട്. ചില പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഓഗസ്റ്റ് ആദ്യവാരം തന്നെ ക്ലാസുകള്‍ പുനരാരംഭിക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ കലണ്ടറുകളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരു കാര്യം എല്ലായിടത്തും ഒരുപോലെയാണ്-മാതാപിതാക്കളുടെ മനസ്സില്‍ ഉയരുന്ന ചോദ്യം: ”ഈ നൂറുദിവസം കുട്ടികള്‍ എന്ത് ചെയ്യും?”
ഈ ചോദ്യം ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം പ്രസക്തമാണ്. കാരണം ഇന്നത്തെ മാതാപിതാക്കളും കുട്ടികളും രണ്ട് വ്യത്യസ്ത ലോകങ്ങളില്‍ വളര്‍ന്നവരാണ്. ഇന്നത്തെ മാതാപിതാക്കളില്‍ ഭൂരിഭാഗവും Generation X (1965-1980) അല്ലെങ്കില്‍ Millennials അഥവാ Generation Y (1981-1996) വിഭാഗത്തില്‍പ്പെടുന്നവരാണ്. അവരുടെ മക്കള്‍ സാധാരണയായി Generation Z (1997-2012), Generation Alpha (2013-2024) അല്ലെങ്കില്‍ ഇനി ജനിച്ചുതുടങ്ങുന്ന Generation Beta (2025 മുതല്‍) തലമുറകളിലാണ്. ടെലിവിഷനും പുസ്തകങ്ങളും കളിസ്ഥലങ്ങളും കൂട്ടുകാരും നിറഞ്ഞ ലോകത്താണ് Generation X വളര്‍ന്നത്. എന്നാല്‍ കൃത്രിമ ബുദ്ധിയും സോഷ്യല്‍ മീഡിയയും വീഡിയോ ഗെയിമുകളും വിര്‍ച്വല്‍ ലോകങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലാണ് Generation Alpha വളരുന്നത്. അതുകൊണ്ടുതന്നെ പല വീടുകളിലും വേനലവധി തുടങ്ങുമ്പോള്‍ ഒരേ സംഭാഷണം ആവര്‍ത്തിക്കപ്പെടുന്നു: ”ഇത് ഞങ്ങളുടെ അവധിയാണ്. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളെ നിയന്ത്രിക്കരുത്.”
കേരളത്തില്‍ വളര്‍ന്ന തലമുറയ്ക്ക് വേനലവധി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് മുത്തശ്ശിയുടെ വീടും അമ്മാവന്റെ വീടും നാട്ടിന്‍പുറത്തെ പാടങ്ങളും കുളങ്ങളും കൂട്ടുകാരും മാവിന്‍തോപ്പുകളും ആണ്. സ്‌കൂള്‍ അടച്ചാല്‍ ദിവസങ്ങളോ ആഴ്ചകളോ ബന്ധുവീടുകളില്‍ ചെലവഴിക്കുക എന്നത് സാധാരണമായിരുന്നു. എന്നാല്‍ അമേരിക്കയിലെ ജീവിതരീതിയില്‍ അത് പലപ്പോഴും പ്രായോഗികമല്ല. ബന്ധുക്കള്‍ പലപ്പോഴും നൂറുകണക്കിന് മൈല്‍ അകലെയായിരിക്കും. ജോലിത്തിരക്കുകള്‍ കാരണം കുട്ടികളെ മറ്റൊരാളുടെ വീട്ടില്‍ ആഴ്ചകളോളം താമസിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. അതിലുപരി, കുട്ടികളുടെ സുരക്ഷയും നിയമപരമായ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച അമേരിക്കന്‍ നിയമങ്ങള്‍ വളരെ കര്‍ശനമാണ്. അതിനാല്‍ തന്നെ പലരും മറ്റുള്ളവരുടെ കുട്ടികളെ ദീര്‍ഘകാലം നോക്കാന്‍ മടിക്കുന്നു.
അമേരിക്കയിലെ മാതാപിതാക്കളുടെ ആശങ്കകള്‍ പലപ്പോഴും ഒരു പാന്‍ഡോറ ബോക്‌സ് തുറക്കുന്നതുപോലെയാണ്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം, വീഡിയോ ഗെയിം അടിമത്തം, അപകടകരമായ ഓണ്‍ലൈന്‍ ചലഞ്ചുകള്‍, സൈബര്‍ ബുള്ളിയിംഗ്, മയക്കുമരുന്നുകളെക്കുറിച്ചുള്ള കൗതുകം, ഓണ്‍ലൈന്‍ അപരിചിതരുമായി ബന്ധങ്ങള്‍, അശ്ലീല ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം, സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിചിത്ര പരീക്ഷണങ്ങള്‍ അനുകരിക്കാനുള്ള ശ്രമങ്ങള്‍-ഇങ്ങനെ നൂറുകണക്കിന് ആശങ്കകളാണ് മാതാപിതാക്കളുടെ മനസ്സില്‍ നിറയുന്നത്. ഒരു കുട്ടി മണിക്കൂറുകളോളം സ്വന്തം മുറിയില്‍ ഇരിക്കുമ്പോള്‍ അവന്‍ പഠിക്കുകയാണോ, ഗെയിം കളിക്കുകയാണോ, മറ്റെന്തെങ്കിലും അപകടകരമായ കാര്യങ്ങളിലാണോ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് പോലും പലപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ല.
ഇത്തരം സാഹചര്യങ്ങളില്‍ പല കുടുംബങ്ങളും Summer Camps എന്ന പരിഹാരത്തിലേക്ക് തിരിയുന്നു. അമേരിക്കയിലെ മിക്ക നഗരങ്ങളിലും Sports Camps, STEM Camps, Robotics Camps, Coding Camps, Art Camps, Music Camps, YMCA Programs, Church Vacation Bible Schools, Scout Camps, Leadership Camps, Nature Camps തുടങ്ങിയ നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതിന്റെയും ചെലവ് കുടുംബങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഒരു കുട്ടിക്ക് ഒരാഴ്ചത്തെ ക്യാമ്പിന് 150 മുതല്‍ 300 ഡോളര്‍ വരെ ചെലവാകാം. പ്രത്യേക STEM അല്ലെങ്കില്‍ ടെക്നോളജി ക്യാമ്പുകള്‍ക്ക് 500 മുതല്‍ 1500 ഡോളര്‍ വരെ ചെലവാകാറുണ്ട്. രണ്ടോ മൂന്നോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഇത് ഒരു വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. അതിനാല്‍ തന്നെ എല്ലാ കുടുംബങ്ങള്‍ക്കും ക്യാമ്പുകള്‍ ഒരു പ്രായോഗിക പരിഹാരമല്ല.
എന്നാല്‍ കുട്ടികളെ സജീവമായി നിലനിര്‍ത്താന്‍ ചെലവേറിയ പരിപാടികള്‍ മാത്രമല്ല മാര്‍ഗം. പലപ്പോഴും ഏറ്റവും വിലപ്പെട്ട പഠനങ്ങള്‍ സൗജന്യമായ അനുഭവങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. നീന്തല്‍ പഠിക്കുക, സൈക്കിള്‍ പരിപാലനം പഠിക്കുക, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സംഗീതോപകരണങ്ങള്‍, ചെസ്, തോട്ടം പരിപാലിക്കല്‍, പാചകം, പൊതുപ്രസംഗം, സാമ്പത്തിക സാക്ഷരതയുടെ അടിസ്ഥാനങ്ങള്‍, കുടുംബചരിത്രം രേഖപ്പെടുത്തല്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പുതിയ ജീവിതകഴിവുകള്‍ സമ്മാനിക്കും. പ്രാദേശിക ലൈബ്രറികളിലെ സൗജന്യ പരിപാടികള്‍, Khan Academy, NASA Education, Smithsonian Learning പോലുള്ള ഓണ്‍ലൈന്‍ പഠനസ്രോതസ്സുകള്‍ എന്നിവയും വലിയ സഹായമാണ്.
ഇവിടെ ഒരു വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാതെ വയ്യ. ഞങ്ങളുടെ കുട്ടിക്കാലത്ത് വേനലവധി എന്നത് കളിയുടെയും സ്വാതന്ത്ര്യത്തിന്റെയും കാലമായിരുന്നു. പക്ഷേ അതിനൊപ്പം ചില നിബന്ധനകളും ഉണ്ടായിരുന്നു. എന്റെ പിതാവ് എത്ര തിരക്കിലായിരുന്നാലും രാത്രിയില്‍ വീട്ടിലെത്തിയാല്‍ ഒരു കാര്യം ചോദിക്കാന്‍ മറക്കാറില്ലായിരുന്നു-അന്ന് പഠിച്ച പത്ത് പുതിയ ഇംഗ്ലീഷ് വാക്കുകള്‍. കളിസ്ഥലത്തേക്കോ പാടത്തേക്കോ പോകാനുള്ള അനുമതി ലഭിക്കാന്‍ അതായിരുന്നു ഞങ്ങളുടെ ”കരാര്‍”. ആദ്യം പത്ത് പുതിയ വാക്കുകള്‍, പിന്നെ കളി. മറ്റൊരു നിബന്ധന കൂടി ഉണ്ടായിരുന്നു. അവധിക്കാലത്ത് ഏതെങ്കിലും ബന്ധുവീട്ടിലോ സുഹൃത്തിന്റെ വീട്ടിലോ പോയാല്‍ മടങ്ങിവന്ന ഉടന്‍ അതിനെക്കുറിച്ച് ഒരു യാത്രാവിവരണം എഴുതി നല്‍കണം. സത്യത്തില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ആ എഴുത്തുപണി ഒഴിവാക്കാന്‍ വേണ്ടി തന്നെ ചില യാത്രകള്‍ ഞങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പിന്നോട്ടു നോക്കുമ്പോള്‍ ആ ചെറിയ ശീലങ്ങള്‍ തന്നെയായിരിക്കാം ഭാഷാപരമായ കഴിവുകളും നിരീക്ഷണശേഷിയും ആശയവിനിമയ നൈപുണ്യവും വളര്‍ത്താന്‍ സഹായിച്ചത്. ജീവിതത്തെയും തൊഴില്‍ജീവിതത്തെയും രൂപപ്പെടുത്തുന്നതില്‍ വലിയ തീരുമാനങ്ങളേക്കാള്‍ ബാല്യത്തില്‍ വളര്‍ത്തിയെടുത്ത ചെറിയ ശീലങ്ങള്‍ക്കാണ് പലപ്പോഴും കൂടുതല്‍ സ്വാധീനമുള്ളത്.
ഇന്നത്തെ കുട്ടികള്‍ക്ക് അയല്‍ക്കൂട്ടങ്ങളിലെ കളികളും പുറത്തുള്ള പ്രവര്‍ത്തനങ്ങളും തിരിച്ചുകൊണ്ടുവരേണ്ട സമയം കൂടിയാണിത്. ബാസ്‌കറ്റ്‌ബോള്‍, സോക്കര്‍, സൈക്കിള്‍ യാത്ര, ഹൈക്കിംഗ്, മീന്‍പിടിത്തം, പാര്‍ക്ക് സന്ദര്‍ശനം, പ്രകൃതി നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്. എല്ലാം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന ഒരു തലമുറയ്ക്ക് പ്രകൃതിയുമായുള്ള ബന്ധം അത്യാവശ്യമാണ്.
വേനലവധിക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ നേരിടുന്ന സാമൂഹിക സമ്മര്‍ദ്ദവും അവഗണിക്കാനാവില്ല. പ്രത്യേകിച്ച് മിഡില്‍ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ ”അവധിക്കാലത്ത് എവിടെയൊക്കെ പോയി?” എന്ന ചോദ്യം വളരെ സാധാരണമാണ്. ചിലര്‍ യൂറോപ്പ്, ഹവായ്, ഡിസ്‌നി, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ യാത്രകളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോള്‍ മറ്റുചില കുട്ടികള്‍ക്ക് പങ്കുവയ്ക്കാന്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഇത് അവരില്‍ അപകര്‍ഷബോധമോ ഒറ്റപ്പെട്ടുപോകുന്ന വികാരമോ സൃഷ്ടിച്ചേക്കാം. ചില അതിസ്മാര്‍ട്ട് കുട്ടികള്‍ മറ്റുള്ളവരെ പരിഹസിക്കാനുള്ള അവസരമായും ഇത്തരം സാഹചര്യങ്ങളെ ഉപയോഗിക്കാറുണ്ട്. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് ഒരു നല്ല അവധിക്കാലത്തിന്റെ മൂല്യം ചെലവേറിയ യാത്രകളിലല്ല, മറിച്ച് അര്‍ത്ഥവത്തായ അനുഭവങ്ങളിലാണെന്നതാണ്.
വേനലവധി കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരങ്ങളില്‍ ഒന്നാണ്. ആഴ്ചയില്‍ ഒരു Family Game Night, Family Movie Night, ഒരുമിച്ചുള്ള പാചകം, ക്യാമ്പിംഗ്, പിക്നിക്, കുടുംബ ഫോട്ടോകള്‍ ക്രമപ്പെടുത്തല്‍, കുടുംബചരിത്രം രേഖപ്പെടുത്തല്‍, മുത്തശ്ശന്മാരില്‍ നിന്നും കുടുംബകഥകള്‍ കേള്‍ക്കല്‍ തുടങ്ങിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും തലമുറകളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കും. കുടുംബമായി ഒരുമിച്ച് ചിലവഴിക്കുന്ന സമയം കുട്ടികളുടെ ആത്മവിശ്വാസവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രവാസി കുടുംബങ്ങള്‍ക്ക് വേനലവധി സ്വന്തം വേരുകളുമായി കുട്ടികളെ ബന്ധിപ്പിക്കാനുള്ള അപൂര്‍വ അവസരവുമാണ്. കേരള സന്ദര്‍ശനം, മുത്തശ്ശന്മാരോടൊപ്പം സമയം ചെലവഴിക്കല്‍, മലയാളം പഠിക്കല്‍, കുടുംബവംശാവലി മനസ്സിലാക്കല്‍, സ്വന്തം ഗ്രാമം സന്ദര്‍ശിക്കല്‍, കുടുംബചരിത്രം കേള്‍ക്കല്‍ എന്നിവ കുട്ടികളില്‍ സാംസ്‌കാരിക സ്വത്വബോധം വളര്‍ത്തും. അമേരിക്കയില്‍ ജനിച്ച പല കുട്ടികള്‍ക്കും അവരുടെ പൈതൃകത്തെക്കുറിച്ചുള്ള അറിവ് പരിമിതമായിരിക്കാം. അത്തരം കുട്ടികള്‍ക്ക് ഈ അവധിക്കാലം സ്വന്തം വേരുകളെ കണ്ടെത്താനുള്ള ഒരു യാത്രയായി മാറാം.
വേനലവധി എന്നത് കുട്ടികളെ മുഴുവന്‍ സമയവും പഠിപ്പിക്കാനുള്ള കാലമല്ല. അതുപോലെ അവരെ പൂര്‍ണമായും ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കു വിട്ടുകൊടുക്കാനുള്ള സമയവുമല്ല. വിശ്രമത്തിനും വളര്‍ച്ചയ്ക്കും സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് മാതാപിതാക്കളുടെ യഥാര്‍ത്ഥ വെല്ലുവിളി. ഈ നൂറുദിവസം കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന അനുഭവങ്ങളും പുതിയ കഴിവുകളും കുടുംബസ്‌നേഹവും സാംസ്‌കാരിക മൂല്യങ്ങളും സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ നേട്ടം. കാരണം കുട്ടികള്‍ക്ക് നാം നല്‍കുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം വിലകൂടിയ ക്യാമ്പുകളോ വിദേശയാത്രകളോ അല്ല; മറിച്ച് അവരുടെ കൂടെ ചെലവഴിക്കുന്ന സമയവും അവര്‍ ആരാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന അവസരങ്ങളുമാണ്. അമേരിക്കയിലെ ഈ ദീര്‍ഘ വേനലവധി അതിനുള്ള ഒരു അപൂര്‍വ വേദിയാണ്.
ഈ സാഹചര്യത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) Students Engagement Platform പോലുള്ള സംരംഭങ്ങള്‍ ഏറെ പ്രസക്തമാകുന്നു. വേനലവധിക്കാലത്തെ കുട്ടികള്‍ക്ക് ആനന്ദകരവും വിജ്ഞാനപ്രദവും വ്യക്തിത്വവികസനത്തിന് സഹായകരവുമായ അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പുസ്തകവായന, പൊതുപ്രസംഗ പരിശീലനം, സൃഷ്ടിപരമായ എഴുത്ത്, നേതൃത്വവികസനം, ശാസ്ത്ര-സാങ്കേതികവിദ്യാ അവബോധം, സംവാദവേദികള്‍, സാംസ്‌കാരിക പരിപാടികള്‍, സാമൂഹിക ഉത്തരവാദിത്തബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍, പൈതൃകവും മലയാള ഭാഷയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ എന്നിവയിലൂടെ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കാനാണ് പദ്ധതിയിടുന്നത്. സ്‌കൂള്‍ ക്ലാസ്മുറികള്‍ക്ക് പുറത്തുള്ള യഥാര്‍ത്ഥ ജീവിതപാഠങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കാനും സമപ്രായക്കാരുമായി സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കാനും ആത്മവിശ്വാസം വളര്‍ത്താനുമുള്ള ഒരു വേദിയായി ഇത് മാറാന്‍ കഴിയും. ”ഈ അവധിക്കാലം കുട്ടികള്‍ എന്ത് ചെയ്യും?” എന്ന ചോദ്യത്തിന് ഒരു പോസിറ്റീവ് മറുപടിയായി, ‘WMC Students Engagement Platform ഈ അവധിക്കാലം ആനന്ദകരവും വിജ്ഞാനപ്രദവുമാക്കാന്‍ നിങ്ങളുടെ കുട്ടികളോടൊപ്പമുണ്ട്; നിങ്ങള്‍ തയ്യാറാണോ?”.
വേനലവധിക്കാലത്തെ വിദ്യാര്‍ത്ഥി വികസന പദ്ധതികള്‍, യുവജന നേതൃത്വ പരിശീലനങ്ങള്‍, കോളേജ് പ്രിപറേഷന്‍ പ്രോഗ്രാമുകള്‍, കുടുംബങ്ങള്‍ക്ക് പ്രയോജനകരമായ കൂടുതല്‍ നിര്‍ദേശങ്ങള്‍ എന്നിവയുമായി അടുത്ത ആഴ്ച വീണ്ടും വായിക്കാം.
Long summer vacation in America: Children’s freedom or parents’ concerns? Part 1















