വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും തമ്മിൽ നിരവധി പൊതുതാല്പര്യങ്ങൾ പങ്കിടുന്നുണ്ടെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ വ്യത്യസ്തമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇറാനുമായി സാധ്യമായേക്കാവുന്ന സമാധാന കരാറിനെക്കുറിച്ച് സംസാരിക്കവെയാണ് ഇസ്രായേലിന്റെ നിലപാടുകളിൽ നിന്ന് വിഭിന്നമായി അമേരിക്കൻ താല്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വാൻസിന്റെ ഈ നിർണ്ണായക പ്രതികരണം. തിങ്കളാഴ്ച രാത്രി വൈകി പ്രമുഖ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“കഴിഞ്ഞ കുറച്ചു മാസങ്ങളായി, പ്രത്യേകിച്ച് ഒന്നര വർഷമായി മേഖലയിലുണ്ടായ സംഭവവികാസങ്ങൾ കാരണം വ്യക്തമായൊരു ഇടം രൂപപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ശാശ്വത പരിഹാരത്തിലെത്താൻ സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശ്വസിക്കുന്നു, അത് തികച്ചും ശരിയുമാണ്,” ജെ.ഡി വാൻസ് പറഞ്ഞു.
ഇറാനുമായുള്ള ഈ പുതിയ സമാധാന ചർച്ചകളെ ഇസ്രായേൽ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചും വാൻസ് തുറന്നുപറഞ്ഞു. “ഇപ്പോൾ നടക്കുന്ന ഈ നീക്കങ്ങൾ ഒരുപക്ഷേ ഇസ്രായേലിന് ഇഷ്ടപ്പെടാം, അല്ലെങ്കിൽ ഇഷ്ടപ്പെടാതിരിക്കാം. എന്നാൽ അടിസ്ഥാനപരമായി ഇത് അമേരിക്കൻ ഐക്യനാടുകളുടെ ഏറ്റവും മികച്ച താല്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നാണ് ഞങ്ങൾ കരുതുന്നത്,” വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഇറാനുമായി രണ്ടോ മൂന്നോ ദിവസത്തിനകം കരാറിലെത്താൻ സാധിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റും ഭരണകൂടത്തിന്റെ നയം വ്യക്തമാക്കിയത്. ലെബനനിലും മറ്റ് മിഡിൽ ഈസ്റ്റ് മേഖലകളിലും യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ശ്രമിക്കുമ്പോൾ, ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ കരാർ യാഥാർത്ഥ്യമാക്കാനും വാഷിംഗ്ടൺ ഇറാനുമായി ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത പരസ്യമാക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.















