ടൊറന്റോ: ടൊറന്റോയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേര്‍ക്ക് ഈ വര്‍ഷം ആദ്യം ഉണ്ായ വെചടിവെയ്പിനു പിന്നില്‍ പണം നല്കി ആക്രമണം നടത്തിക്കുന്ന കുറ്റകൃത്യ ശ്യംഖലയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട് .കാനഡയിലെ ടൊറന്റോയില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ വെടിവെപ്പ്, യുവാക്കളെ പണം നല്‍കി ആക്രമണങ്ങള്‍ നടത്തിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഒരു വലിയ കുറ്റകൃത്യ മാതൃകയുടെ ഭാഗമാണെന്ന് ടൊറന്റോ പൊലീസ് മേധാവി മൈറണ്‍ ഡെംകിവ് പറഞ്ഞു.
ടൊറന്റോ നഗരത്തില്‍ മാര്‍ച്ചില്‍ നടന്ന നിരവധി വെടിവെപ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റുകളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണവും മറ്റ് ചില വെടിവെപ്പ് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഈ കേസിലും മറ്റ് ചില സംഭവങ്ങളിലും ജൂത ആരാധനാലയങ്ങള്‍ക്കും ജൂത സ്‌കൂളുകള്‍ക്കും നേരെയുണ്ടായ വെടിവെപ്പുകള്‍ ഉള്‍പ്പെടെ ഒരേ രീതിയിലുള്ള പ്രവര്‍ത്തനശൈലിയാണ് കാണുന്നത്.. ഇവയ്‌ക്കെല്ലാം പിന്നില്‍ പണം വാങ്ങി ആക്രമണം നടത്തുന്ന കുറ്റവാളികളാണുള്ളതെന്നു ഡെംകിവ് പറഞ്ഞു.
എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്പുകളിലൂടെ യുവാക്കളെ വിവിധ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ നിയമിക്കുന്നു. പ്രതിഫലം ലഭിക്കണമെങ്കില്‍ അവര്‍ ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് തെളിവായി നല്‍കണമെന്നതാണ് വ്യവസ്ഥ. ഇതിനായി പണം നല്‍കുന്നത് ആരാണ് എന്നതു കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ചിലരുടെ ലക്ഷ്യമെന്നും ഡെംകിവ് വ്യക്തമാക്കി.
മാര്‍ച്ചില്‍ ടൊറന്റോയില്‍ നടന്ന യു.എസ്. കോണ്‍സുലേറ്റ്, ഒരു അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റ്, ഒരു വ്യാപാര സ്ഥാപനം എന്നിവ ലക്ഷ്യമിട്ടുള്ള വെടിവെപ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മാര്‍ച്ച് 10ന് ഷെല്‍ഡണ്‍ ട്രേസി-സ്റ്റുവര്‍ട്ട്, സാറ ജാബി എന്നിവര്‍ മോഷ്ടിച്ച വാഹനത്തിലെത്തി അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ നിരവധി തവണ വെടിയുതിര്‍ത്തതായി പൊലീസ് ആരോപിക്കുന്നു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
പ്രതികള്‍ കെട്ടിടത്തിന് നേരെ വെടിയുതിര്‍ക്കുന്നതും മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിക്കുന്നതും കാണാമെന്നും ടൊറന്റോ പൊലീസ് സര്‍വീസ് അറിയിച്ചു.
പ്രതികളിലൊരാളായ 18 വയസുള്ള ഷെല്‍ഡണ്‍ ട്രേസി-സ്റ്റുവര്‍ട്ടിനെ ജൂണ്‍ 11-ന് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ സാറ ജാബി ഇപ്പോഴും ഒളിവിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Shooting at US Consulate in Toronto in March: Report says it was a crime committed by a gang that paid for the attack















