pulimoottil

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി സിജെപി, സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി സിജെപി, സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
Share Email

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ശക്തമായ നിരാഹാര സമരത്തിലേക്ക് കടന്നു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെയുള്ളവരാണ് ദില്ലിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തിയ ശേഷമാണ് വാങ്ചുക്ക് സമരവേദിയിലെത്തിയത്. കേന്ദ്രമന്ത്രി ജൂൺ 27 നകം രാജിവെച്ചില്ലെങ്കിൽ 28 മുതൽ നിരാഹാരം തുടങ്ങുമെന്ന മുൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നീക്കം. കർഷക നേതാക്കളും വിവിധ സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒൻപത് ദിവസമായി ജന്തർ മന്തിറിൽ സിജെപി സമരം തുടരുകയായിരുന്നു. സോനം വാങ്ചുക്കിന്റെ വരവോടെ സമരം കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് സിജെപി വിലയിരുത്തുന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ‘പ്രധാൻ ഗോ ബാക്ക്’ എന്ന പേരിൽ സമരം വിപുലമാക്കാനാണ് ഇവരുടെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ യാതൊരുവിധ സമവായത്തിനും തയ്യാറല്ലെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.

അതേസമയം, സിജെപി സമരത്തിന് സോനം വാങ്ചുക്ക് പിന്തുണ നൽകുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ലഡാക്കിലെ മുൻകാല സമരങ്ങൾ സംഘർഷത്തിൽ കലാശിച്ച പശ്ചാത്തലത്തിൽ, വാങ്ചുക്കിന്റെ ദില്ലിയിലെ ഇടപെടൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് ചിലരുടെ ആരോപണം. സിജെപിയുടെ പ്രതിഷേധങ്ങൾ കേവലം രാഷ്ട്രീയ നാടകങ്ങൾ ആണെന്നും വാങ്ചുക്ക് ഇതിന്റെ ഭാഗമാകരുത് എന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ സമരം രാജ്യവ്യാപകമായി ശക്തമാക്കാനാണ് സിജെപിയുടെ നീക്കം.

Share Email
LATEST excelnclexrn
More Articles
Top