വാഷിംഗ്ടൺ: ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് പെൺകുട്ടികളുടെ കായിക ടീമുകളിൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. ട്രാൻസ്‌ജെൻഡർ അവകാശങ്ങളെ ചുറ്റിപ്പറ്റിയുള്ള ദേശീയതലത്തിലെ നിയമ-രാഷ്ട്രീയ തർക്കങ്ങൾക്കിടെയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള സുപ്രീം കോടതിയുടെ വിധിയോടെ വെസ്റ്റ് വെർജീനിയയും ഐഡഹോയും ഉൾപ്പെടെ നിലവിൽ സമാന നിയമങ്ങൾ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ നിലപാടിന് നിയമസാധുത ലഭിച്ചു. ജൈവികമായി സ്ത്രീകളായ കായികതാരങ്ങൾക്ക് തുല്യമായ മത്സരാവസരവും നീതിപൂർവമായ മത്സരാന്തരീക്ഷവും ഉറപ്പാക്കാനാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്നതെന്നാണ് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ വാദം.
ട്രാൻസ്‌ജെൻഡർ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്ന് എൽജിബിടിക്യു സമൂഹത്തിന് നേരിടേണ്ടി വന്ന മറ്റൊരു തിരിച്ചടിയായാണ് പുതിയ വിധിയെ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത ട്രാൻസ്‌ജെൻഡർ കുട്ടികൾക്ക് നൽകുന്ന പ്യൂബർട്ടി ബ്ലോക്കറുകളും ഹോർമോൺ തെറാപ്പിയും ഉൾപ്പെടെയുള്ള ചികിത്സകൾ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈനിക സേവനത്തിൽ നിന്ന് വിലക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനും, യു.എസ് പാസ്‌പോർട്ടുകളിൽ ജനനസമയത്തെ ലിംഗം രേഖപ്പെടുത്തണമെന്ന ഭരണകൂടത്തിന്റെ നയത്തിനും സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ഇപ്പോഴത്തെ കേസ് വെസ്റ്റ് വെർജീനിയയുടെയും ഐഡഹോയുടെയും നിയമങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, വിധിയുടെ പ്രത്യാഘാതം രാജ്യവ്യാപകമായിരിക്കും. അമേരിക്കയിലെ 27 സംസ്ഥാനങ്ങൾ ഇതിനകം ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് പെൺകുട്ടികളുടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൈവികമായി സ്ത്രീകളായ വിദ്യാർഥികളുടെ സുരക്ഷയും മത്സരങ്ങളിലെ നീതിയും സംരക്ഷിക്കാനാണ് ഇത്തരം നിയമങ്ങളെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ വിശദീകരിക്കുന്നു. അതേസമയം, ട്രാൻസ്‌ജെൻഡർ അവകാശ സംഘടനകൾ വിധിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കായികരംഗത്ത് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുടെ പങ്കാളിത്തവും തുല്യാവകാശവും കൂടുതൽ പരിമിതപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനമെന്നാണ് ഇവരുടെ വിമർശനം.
















