തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം ആദ്യ പൊതുയോഗത്തിൽ പങ്കെടുക്കാൻ ട്രിച്ചിയിലെത്തിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്ക്ക് വൻ വരവേൽപ്പ്. വോട്ടർമാർക്ക് നന്ദി പറയാനായി തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സംഘടിപ്പിച്ച യോഗത്തിലേക്ക് വൻ റോഡ്ഷോയോടെയാണ് കാരവാനിനു മുകളിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് വിജയ് എത്തിയത്. തമിഴ് തായ് വാഴ്ത്തോടെ ആരംഭിച്ച ചടങ്ങിൽ, തമിഴ്‌നാടിന്റെ ഹൃദയമാണ് ട്രിച്ചിയെന്നും തന്നെ വിജയിപ്പിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. താൻ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യ സേവകനാണെന്നും, തമിഴ്നാട്ടിലെ വോട്ടർമാരും വിമർശനങ്ങളുമാണ് തന്റെ ഊർജ്ജമെന്നും വിജയ് വ്യക്തമാക്കി.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇനി തനിക്ക് മറ്റ് എതിരാളികൾ ഇല്ലെന്നും മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു. തന്നെ തടയാൻ ശ്രമിച്ച സ്റ്റാലിനും ജനങ്ങൾക്കായി വന്ന വിജയ്‌യും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇനി നടക്കുകയെന്നും ഇതിനിടയിൽ മറ്റാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെ നേതാക്കൾ സോഷ്യൽ മീഡിയയിൽ മാത്രം സജീവമാകുന്നതിനെയും തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും അക്കമിട്ട് പരിഹസിച്ച അദ്ദേഹം, തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി. ആറുമാസം കാത്തിരിക്കാമെന്ന് പറഞ്ഞ സ്റ്റാലിന് ഇപ്പോൾ ആറുദിവസം പോലും നിശബ്ദനായിരിക്കാൻ കഴിയുന്നില്ലെന്നും വിജയ് കുറ്റപ്പെടുത്തി.
ഭരണഘടന അനുവദിക്കുന്ന കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും വസ്ത്രധാരണത്തിൽ കറുപ്പും വെളുപ്പും മാത്രമാണ് തന്റെ രീതിയെന്നും വിജയ് പറഞ്ഞു. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ വാക്കുകൾ ഉദ്ധരിച്ച് സംസാരിച്ച അദ്ദേഹം, താൻ തമിഴ്‌നാട്ടിലെ ഓരോ സാധാരണക്കാരന്റെയും പ്രതിനിധിയാണെന്ന് ഓർമ്മിപ്പിച്ചു. തനിക്ക് പെരമ്പൂരും ട്രിച്ചിയും ഇരു കണ്ണുകൾ പോലെയാണെന്നും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിങ്ങളിൽ ഒരാളെത്തന്നെ ജനപ്രതിനിധിയായി സ്ഥാനാർത്ഥിയാക്കുമെന്നും വിജയ് വേദിയിൽ പ്രഖ്യാപിച്ചു.















