വാഷിംഗ്ടൺ: ലോകത്തിന്റെ ശ്രദ്ധ നേടിയ യുഎസ്-ഇറാൻ സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം. ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കാനും ടെഹ്റാൻ സമ്മതിച്ചതായി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുതിയ കരാർ “പ്രവർത്തനാധിഷ്ഠിത” സ്വഭാവമുള്ളതാണെന്നും കരാറിലെ എല്ലാ വ്യവസ്ഥകളും ഇറാൻ നടപ്പാക്കുന്നതുവരെ അമേരിക്ക മരവിപ്പിച്ചിട്ടുള്ള ഫണ്ടുകൾ വിട്ടുനൽകില്ലെന്നും യു.എസ് അറിയിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ഇളവുകൾ അനുവദിക്കുകയെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കരാറിലെ പ്രധാന വ്യവസ്ഥകൾ
- ഇറാന്റെ കൈവശമുള്ള ആണവ സാമഗ്രികൾ നശിപ്പിക്കുകയോ രാജ്യത്തിന് പുറത്തേക്ക് മാറ്റുകയോ ചെയ്യും.
- രാജ്യത്തിന്റെ ആണവ പദ്ധതി പൂർണമായും വിഘടിപ്പിക്കും.
- കരാറിലെ എല്ലാ നിബന്ധനകളും നടപ്പാക്കിയ ശേഷമേ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കൂ.
- ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തടസ്സമില്ലാതെ തുറന്നുനൽകും.
- മേഖലയിലെ സായുധ-തീവ്രവാദ ഗ്രൂപ്പുകൾക്ക് നൽകുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കും.
അമേരിക്ക മരവിപ്പിച്ച ഫണ്ടുകൾ മുൻകൂർ വിട്ടുനൽകാതെ ഒരു കരാറിലും ഒപ്പുവെക്കില്ലെന്നും തീവ്രവാദ സംഘടനകൾക്ക് നൽകുന്ന സാമ്പത്തിക സഹായം ചർച്ചാ വിഷയമല്ലെന്നുമുള്ള മുൻ നിലപാടുകളിൽ നിന്ന് ഇറാൻ പിന്മാറിയതായാണ് യു.എസ് ഉദ്യോഗസ്ഥന്റെ അവകാശവാദം. ഇതിനിടെ, കരാറുമായി ബന്ധപ്പെട്ട് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പ്രചരിപ്പിച്ച വിവരങ്ങളെ രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ നിലനിർത്തുമെന്നും അമേരിക്ക മരവിപ്പിച്ച 24 ബില്യൺ ഡോളർ ഫണ്ട് വിട്ടുനൽകുമെന്നുമുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ട്രംപ് പറഞ്ഞു.
“ഇറാൻ ചില മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ വിവരങ്ങൾക്ക് ഞങ്ങൾ തയ്യാറാക്കിയ യഥാർത്ഥ കരാറിലെ വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ല,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രതികരിച്ചു. അതേസമയം, കരാറിന്റെ അന്തിമ രൂപവും ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക നിലപാടുകളും പുറത്തുവരാനിരിക്കെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ ഈ ധാരണ എത്രത്തോളം സ്വാധീനിക്കുമെന്നതാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.















