ആണവ പരിശോധനയിൽ ട്രംപിന്‍റെ പുതിയ അവകാശവാദം; നിഷേധിച്ച് ഇറാൻ, നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കണം

ആണവ പരിശോധനയിൽ ട്രംപിന്‍റെ പുതിയ അവകാശവാദം; നിഷേധിച്ച് ഇറാൻ, നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കണം

വാഷിങ്ടൺ: ഇറാൻ തങ്ങളുടെ ആണവനിലയങ്ങളിൽ “അനന്തകാലത്തേക്ക്” ഏറ്റവും ഉയർന്ന തലത്തിലുള്ള അന്താരാഷ്ട്ര പരിശോധനകൾക്ക് സമ്മതിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം നിലവിലുള്ള ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി മാത്രമേ തുടരുകയുള്ളുവെന്ന് ടെഹ്റാൻ ആവർത്തിച്ചതോടെ ഇരു രാജ്യങ്ങളുടെയും നിലപാടുകൾ വീണ്ടും പരസ്പരവിരുദ്ധമായി.

തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ അവകാശവാദം ഉന്നയിച്ചത്. “ഭാവിയിലേക്കും അനന്തകാലത്തേക്കും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ആണവ പരിശോധനകൾക്ക് ഇറാൻ പൂർണമായി സമ്മതിച്ചിട്ടുണ്ട്. ഇത് ആണവരംഗത്തെ സുതാര്യത ഉറപ്പാക്കും. അവർ ഇതിന് തയ്യാറായിരുന്നില്ലെങ്കിൽ കൂടുതൽ ചർച്ചകൾ മുന്നോട്ട് പോകുമായിരുന്നില്ല,” ട്രംപ് കുറിച്ചു.

കഴിഞ്ഞ വാരാന്ത്യത്തിൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച അമേരിക്ക-ഇറാൻ ചർച്ചകളെ സംബന്ധിച്ച് ഇരുരാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്ന വ്യത്യസ്ത അവകാശവാദങ്ങളുടെ തുടർച്ചയായാണ് പുതിയ വിവാദം. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ഇൻസ്പെക്ടർമാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ ഇറാൻ തയ്യാറായതോടെ ചർച്ചകളിൽ നിർണായക പുരോഗതി കൈവരിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നേരത്തെ അവകാശപ്പെട്ടിരുന്നു.

എന്നാൽ മണിക്കൂറുകൾക്കകം പ്രതികരിച്ച ടെഹ്റാൻ, ഐഎഇഎയുമായുള്ള സഹകരണം നിലവിലുള്ള നിയമപരവും സാങ്കേതികവുമായ ചട്ടക്കൂടിനുള്ളിൽ മാത്രമേ തുടരുകയുള്ളുവെന്ന് വ്യക്തമാക്കി. ട്രംപ് അവകാശപ്പെടുന്നതുപോലുള്ള പുതിയ ധാരണകളൊന്നും നിലവിലില്ലെന്ന സൂചനയാണ് ഇറാന്റെ പ്രതികരണത്തിൽ നിന്നുണ്ടാകുന്നത്. അതേസമയം, കഴിഞ്ഞ ആഴ്ച ഇറാനുമായി കൈവരിച്ച ധാരണയുടെ ഭാഗമായി ടെഹ്റാന്റെ തുറമുഖങ്ങൾക്കെതിരായ ചില അമേരിക്കൻ ഉപരോധങ്ങൾ പിൻവലിച്ച നടപടി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുന്ന കാര്യത്തിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോചിപ്പിക്കുന്ന തുക അമേരിക്കയിൽ നിന്ന് ചോളം, ഗോതമ്പ്, സോയാബീൻ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മരുന്നുകളും വാങ്ങുന്നതിനായി മാത്രം ഉപയോഗിക്കാനാകുമെന്നാണ് നിബന്ധന. ഇറാനിൽ നിലവിലുള്ള മാനുഷിക പ്രതിസന്ധി പരിഗണിച്ചാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും അവിടുത്തെ ജനങ്ങൾക്ക് അടിയന്തര സഹായം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും നിലവിലെ നയതന്ത്ര ശ്രമങ്ങൾ അനുകൂല ഫലങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
Top