വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ താൽക്കാലിക സമാധാന ധാരണാപത്രം വെള്ളിയാഴ്ച ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന കാര്യത്തിൽ തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ ഒപ്പുവെക്കുന്നതിനെക്കുറിച്ച് തനിക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വളരെ വിശദമായ മറുപടിയാണ് ട്രംപ് നൽകിയത്. കരാർ ഒപ്പുവെക്കാൻ ഇറാന് പൂർണ്ണ താൽപ്പര്യമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വലിയ ഉടമ്പടികളുടെ കാര്യത്തിൽ മുൻകൂട്ടി ഒന്നും പ്രവചിക്കാനാകില്ലെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഫലം ലോകത്തിന് മുന്നിലെത്തുമെന്ന് ട്രംപ് പറഞ്ഞു. കരാർ ഒപ്പുവെക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രൂപീകരിച്ചിരിക്കുന്ന ധാരണാപത്രം വളരെ ശക്തവും സുസ്ഥിരവുമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
വെറും രണ്ട് ഖണ്ഡികകളിൽ ഒതുങ്ങുന്ന ഒന്നല്ല ഇതെന്നും, മറിച്ച് ഭാവിയിൽ ഒരു പൂർണ്ണ കരാറായി മാറ്റാൻ തക്കവണ്ണം വളരെ വിശദമായ കാര്യങ്ങളാണ് ഈ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ട്രംപ് വിശദീകരിച്ചു. ഇറാൻ ഈ വ്യവസ്ഥകൾ പാലിച്ച് കരാർ ഒപ്പുവെക്കുമെന്നാണ് താൻ കരുതുന്നതെന്നും, ഇനി അതല്ല അവർ ഇതിൽ നിന്നും പിന്മാറിയാൽ പോലും തങ്ങൾക്ക് പ്രശ്നമില്ലെന്നും ചർച്ചകളുടെ നടപടികൾ വീണ്ടും ആദ്യ ഘട്ടം മുതൽ തുടങ്ങാൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു.















