വാഷിംഗടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇറാനെതിരെയുള്ള നചത്തിയ സൈനിക നടപടികള്‍ പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രമേയം യുഎസ് സെനറ്റ് പാസാക്കിയതിന് പിന്നാലെ സെനറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമയാി പ്രസിഡന്റ് ട്രംപ്. തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം സെനറ്റര്‍മാര്‍ തന്റെ നയതന്ത്ര ചര്‍ച്ചകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അമേരിക്കയുടെ ശത്രുക്കള്‍ക്ക് സഹായവും ആശ്വാസവും നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ട്രംപ് ചൊവ്വാഴ്ച കുറ്റപ്പെടുത്തി.
തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇറാന്‍ നിലവില്‍ അതീവ ദുര്‍ബലമായ അവസ്ഥയിലാണെന്നും വലിയ വിട്ടുവീഴ്ചകള്‍ക്ക് അവര്‍ തയ്യാറായി നില്‍ക്കുന്ന സമയത്താണ് സെനറ്റ് ഇത്തരം ഒരു പ്രമേയം പാസാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വോട്ടെടുപ്പ് തെറ്റായ സമയത്തുള്ളതും അര്‍ത്ഥശൂന്യവുമായ ഒന്നാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
‘ഞാന്‍ ഇറാനെ പൂര്‍ണമായും പ്രതിരോധത്തിലാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു അവര്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു, നമുക്ക് ആവശ്യമുള്ളത് എന്തും നല്‍കാന്‍ അവര്‍ തയ്യാറായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി അവര്‍ അമേരിക്കയെയും അതിന്റെ പ്രസിഡന്റായ എന്നെയും കടുത്ത ഭയത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്,’ ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു.
പ്രമേയത്തെ പിന്തുണച്ച് ഡെമോക്രാറ്റുകള്‍ക്കൊപ്പം വോട്ട് ചെയ്ത നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ ‘റിപ്പബ്ലിക്കന്‍ തോല്‍വികള്‍ എന്നാണ് ട്രംപ് പരിഹസിച്ചത്. ഈ വോട്ടെടുപ്പ് ടെഹ്‌റാനുമായി ബന്ധപ്പെട്ട തന്റെ ഭരണകൂടത്തിന്റെ ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായി അദ്ദേഹം വാദിച്ചു. ‘ഈ സെനറ്റര്‍മാര്‍ എന്റെ ജോലി കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയിരിക്കുകയാണ്, എന്നാല്‍ ഞാന്‍ ഇത് എങ്ങനെയും പൂര്‍ത്തിയാക്കും. കാരണം എനിക്ക് എപ്പോഴും കാര്യങ്ങള്‍ വിജയിപ്പിച്ചു ശീലമുണ്ട്,’ ട്രംപ് വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ 48-നെതിരെ 50 വോട്ടുകള്‍ക്കാണ് ഇറാനുമായുള്ള യുദ്ധാധികാര നിയന്ത്രണ പ്രമേയം പാസാക്കിയത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവന്നത്.
Trump slams Senate for opposing military action against Iran without prior authorization from US Congress















