വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് ഇറാന് കനത്ത താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ചകൾ ഇനിയും നീട്ടിക്കൊണ്ടുപോയാൽ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ അന്തിമമാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധി സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയിട്ടുണ്ട്. അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ ഇറാൻ വീഴ്ത്തിയതിന് പിന്നാലെ മേഖലയിൽ രൂപപ്പെട്ട അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിന് നേരിയ അയവ് വരുത്താനാണ് ഖത്തറിന്റെ ഈ അടിയന്തര നീക്കം.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ അതിരൂക്ഷമായ സൈനിക ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. അപ്പാഷെ ഹെലിക്കോപ്റ്റർ തകർത്തതിന് തിരിച്ചടിയായി ഹോർമൂസ് തീരമേഖലയിലെ ഇറാന്റെ റഡാർ, ടെലി കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളിലും ബന്ദർ അബ്ബാസ്, മിനാബ്, ഖേഷം, സിരിക് ദ്വീപുകളിലുമുൾപ്പെടെ ഇരുപതോളം കേന്ദ്രങ്ങളിൽ അമേരിക്കൻ പോർവിമാനങ്ങൾ ശക്തമായ മിസൈൽ വർഷം നടത്തി. ഇതിന് മറുപടിയായി ഇറാനും വൻ തിരിച്ചടി നൽകി. തങ്ങളുടെ അത്യാധുനിക ദീർഘദൂര മിസൈലുകളായ ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ എന്നിവ ഉപയോഗിച്ച് കുവൈത്തിലെ സലിം അൽ സാലിം വ്യോമതാവളം, ബഹ്റൈനിലെ യു.എസ്. അഞ്ചാം കപ്പൽപ്പട താവളം, ജോർദാനിലെ എഫ്-35 വിമാനങ്ങളുടെ ഹാങ്ങറുകൾ ഉൾപ്പെടെ 21 കേന്ദ്രങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അടിയും തിരിച്ചടിയും പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ച സാഹചര്യത്തിൽ സൗദി അറേബ്യയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ നടത്തിവരികയാണ്. എന്നാൽ തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഓരോ ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഇറാന് വലിയ സാമ്പത്തിക-പ്രതിരോധ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇറാന് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സൈന്യങ്ങൾ എത്രയും വേഗം ഈ മേഖല വിട്ടുപോകുന്നതാണ് നല്ലതെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ ഇപ്പോഴും കനത്ത യുദ്ധഭീതി നിലനിൽക്കുകയാണ്.















