വിയന്ന: അമേരിക്കയും ഇറാനും തമ്മിൽ വരാനിരിക്കുന്ന വെള്ളിയാഴ്ച ഒപ്പുവെക്കാനിരിക്കുന്ന സമാധാന ധാരണാപത്രം വെറുമൊരു “കരാർ സങ്കൽപ്പം” മാത്രമാണെന്ന് മുൻ യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ കമല ഹാരിസ്. നിലവിലെ യുദ്ധം അമേരിക്കൻ ജനത ആഗ്രഹിച്ച ഒന്നല്ലെന്നും, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വന്തം താല്പര്യപ്രകാരം ഉണ്ടായ ഒന്നാണെന്നും അവർ കടുത്ത ഭാഷയിൽ വിമർശിച്ചു.
“അമേരിക്കൻ ജനത ഒട്ടും ആഗ്രഹിക്കാത്ത ഒന്നായിരുന്നു ഈ യുദ്ധം. ഇത് പൂർണ്ണമായും സ്വയം പ്രേരിതമായി ഉണ്ടാക്കിയെടുത്തതാണ്. സ്വന്തം താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഒരു പ്രസിഡന്റാണ് അമേരിക്കയിലുള്ളതെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. വരും മണിക്കൂറുകളിലും ദിവസങ്ങളിലും ചർച്ചകളിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് കാണാം. നിലവിലുടലെടുത്തിരിക്കുന്നത് വെറുമൊരു കരാർ സങ്കൽപ്പം മാത്രമാണ്,” കമല ഹാരിസ് പറഞ്ഞു. ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ‘ഓസ്ട്രിയൻ വേൾഡ് സമ്മിറ്റ്’ എന്ന കാലാവസ്ഥാ വ്യതിയാന കോൺഫറൻസിനിടെ മുൻ കാലിഫോർണിയ ഗവർണറും ഹോളിവുഡ് താരവുമായ ആർനോൾഡ് ശ്വാർസെനെഗറിനൊപ്പം പങ്കെടുത്ത പാനൽ ചർച്ചയിലാണ് കമല ട്രംപിനെതിരെ ആഞ്ഞടിച്ചത്.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താങ്കളാണ് വിജയിച്ചിരുന്നതെങ്കിൽ ഇറാനുമായി ഒരു യുദ്ധത്തിലേക്ക് പോകുമായിരുന്നോ എന്ന ചോദ്യത്തിന്, “ഒരിക്കലുമില്ല” എന്നായിരുന്നു കമല ഹാരിസിന്റെ മറുപടി. ഇപ്പോൾ എന്ത് തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നതെങ്കിലും, ട്രംപ് ഇതിൽ തന്റെ വൻ വിജയം പ്രഖ്യാപിക്കുമെന്നും കമല പരിഹസിച്ചു. ഒബാമ ഭരണകൂടം ദീർഘകാലത്തെ ചർച്ചകൾക്കൊടുവിൽ രൂപീകരിക്കുകയും പിന്നീട് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയും ചെയ്ത 2015-ലെ ആണവക്കരാറിന്റെ അതേ അവസ്ഥയിൽ തന്നെയായിരിക്കും നമ്മൾ വീണ്ടും ചെന്നെത്തുകയെന്നും, എന്നിട്ട് അതിനെ വലിയൊരു വിജയമായി ട്രംപ് ആഘോഷിക്കുമെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.















