കാലിഫോർണിയയിലെ അപകടമേറിയ കടൽത്തീരത്ത് ഉറങ്ങുന്നതിനിടെ തിരമാലയിൽപ്പെട്ടു; രണ്ട് ഇന്ത്യൻ വംശജരായ യുവതികൾക്ക് ദാരുണാന്ത്യം

കാലിഫോർണിയയിലെ അപകടമേറിയ കടൽത്തീരത്ത് ഉറങ്ങുന്നതിനിടെ തിരമാലയിൽപ്പെട്ടു; രണ്ട് ഇന്ത്യൻ വംശജരായ യുവതികൾക്ക് ദാരുണാന്ത്യം

കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിലുള്ള ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ വംശജരായ യുവതികൾ രാക്ഷസത്തിരമാലകളിൽപ്പെട്ട് മരിച്ചു. ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നീ സുഹൃത്തുക്കളാണ് കടലിൽ ഒഴുക്കിൽപ്പെട്ട് ദാരുണമായി മരണമടഞ്ഞത്. കനത്തതും അപകടകരവുമായ തിരമാലകൾക്ക് പേരുകേട്ട ബീച്ചിലെ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിൽ ഷെരീഫ് ഓഫീസ് ഇപ്പോഴാണ് മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ കുടുംബങ്ങൾ കടുത്ത ആഘാതത്തിലാണ്. “യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും ഒരു രൂപവുമില്ല, ഞാൻ ഇപ്പോഴും ആ ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല,” ഹർഷിത നായരുടെ പിതാവ് മാധ്യമമായ ‘ന്യൂയോർക്ക് പോസ്റ്റിനോട്’ പ്രതികരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം ശ്രദ്ധയിൽപ്പെട്ട ഒരു ദൃക്‌സാക്ഷി 911 എന്ന അടിയന്തര നമ്പറിൽ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് ഒന്നിലധികം സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

എട്ട് രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും ജീവനോടെ തന്നെയാണ് പുറത്തെടുത്തത്. കടലിൽ നിന്നും രക്ഷപ്പെടുത്തിയ ഒരു യുവതിയെ ഹെലികോപ്റ്റർ മാർഗ്ഗം തൊട്ടടുത്തുള്ള യെല്ലോ ബാങ്ക് ബീച്ചിൽ എത്തിച്ച ശേഷമാണ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടാമത്തെ യുവതിയെ പന്തർ ബീച്ചിലെത്തിച്ച് പ്രത്യേക സ്ട്രെച്ചറിലാണ് ആംബുലൻസിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top